26 September Wednesday

പന്മനയുടെ കവിതയും കണക്കും റാങ്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം

മലയാള ഭാഷാ പണ്ഡിതനായും സാഹിത്യകാരനായും തിളങ്ങിയ പന്മന രാമചന്ദ്രൻനായരുടെ ആദ്യ ആഗ്രഹം കവിയാകാനായിരുന്നു. ചങ്ങമ്പുഴയോടായിരുന്നു പ്രിയം. ചെറുപ്പത്തിൽ നിരവധി കവിതകളും എഴുതിക്കൂട്ടി. വാരികകളിൽ അവയെല്ലാം പ്രസിദ്ധീകരിച്ചു.  പാലക്കാട‌് വിക്ടോ റിയ കോളേജിൽ അധ്യാപകനായി എത്തിയപ്പോൾ വകുപ്പ‌് മേധാവിയായിരുന്ന പ്രൊഫ. എ‌സ‌് ഗുപ‌്തൻനായർ കവിതാ സമാഹാരം ഇറക്കാൻ നിർദേശിച്ചിരുന്നു.  ഉത്സാഹത്തോടെ കവിതാ സമാഹാരം ഇറക്കാൻ മനസ്സിൽ തീരുമാനിച്ചെങ്കിലും ഉടൻതന്നെ അതിൽനിന്ന‌് പിന്തിരിച്ചു. മഹാകവികളുടെ കൃതിയിലെ കുറവുകൾ ചൂണ്ടിക്കാണിക്കുന്ന അധ്യാപകന്റെ കവിതകൾ ഇതാണോ എന്ന‌് കുട്ടികൾ വിചാരിക്കില്ലേ എന്ന സന്ദേഹമാണ‌് കവിതാ സമാഹാരം ഇറക്കുന്നതിൽനിന്നും പിന്തിരിപ്പിച്ചത‌്. എന്നാൽ, കുട്ടികൾക്കായുള്ള കവിതകൾ നിരവധി പന്മന രചിച്ചു. ഭാഷയിൽ എന്നപോലെ കണക്കിലും മിടുക്കനായിരുന്നു പന്മന. അങ്ങനെയുള്ള പന്മനയെ ഒരിക്കൽ കണക്ക‌് പനിപിടിപ്പിച്ചിട്ടുണ്ട‌്. എസ‌്എസ‌്എൽസി പരീക്ഷയിൽ കണക്കിന്റെ ഫസ്റ്റ‌് പേപ്പറിന‌് മുഴുവൻ മാർക്കും പ്രതീക്ഷിച്ച പന്മനയ‌്ക്ക‌് ലഭിച്ചത‌് ഒമ്പത‌് മാർക്ക‌്. ഇതോടെ പന്മന പനിപിടിച്ച‌് കിടപ്പിലായി. സ‌ൂക്ഷ‌്മപരിശോധനയുടെ നടപടിയുമായി ബന്ധപ്പെട്ട‌് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ വരുത്തിയ ഉത്തരക്കടലാസിലെ മാർക്ക‌് അമ്പത‌്. അമ്പത‌് എന്ന‌് കേട്ട‌് എഴുതിയപ്പോ ൾ ഒമ്പത‌് എന്നാകുകയായിരുന്നു. ഇതോടെ പന്മനയുടെ പനി ശമിച്ചു. കൊല്ലം എസ‌്എൻ കോളേജിൽ ബിരുദത്തിന‌് ഊർജതന്ത്രമായിരുന്നു വിഷയം. എന്നാൽ, ബിരുദാനന്തര ബിരുദത്തിന‌് പന്മന എടുത്തത‌് മലയാളം. യൂണിവേഴ‌്സിറ്റി കോളേജിലായിരുന്നു എംഎ പഠനം.  ഫസ‌്റ്റ‌് ക്ലാസുണ്ടെന്ന‌് അറിയിച്ച വാചാപരീക്ഷ ബോർഡിന്റെ അധ്യക്ഷനോ ട‌് റാങ്ക‌് ആർക്കെന്നായിരുന്നു പന്മനയുടെ അന്വേഷണം. എംഎയ‌്ക്ക‌് റാങ്ക‌് പ്രതീക്ഷിച്ചിരുന്ന പന്മന നിശബ്ദനായാണ‌് മടങ്ങിയത‌്. തൊട്ടടുത്ത ദിവസം പരീക്ഷാ വിഭാഗത്തിൽ എത്തിയപ്പോ ഴാണ‌് ആ സന്തോഷവാർത്ത അറിഞ്ഞത‌്. എംഎക്കാരിൽ പന്മനയ‌്ക്കും ഏവുർ പരമേശ്വരനും ഒന്നാം ക്ലാസും ഒന്നാം റാങ്കും. യൂണിവേഴ‌്സിറ്റി കോളേജിൽ വിദ്യാർഥിയായിരുന്ന പന്മന യൂണിവേഴ‌്സിറ്റി കോളേജിലെ മലയാളം വകുപ്പ‌് മേധാവിയായാണ‌് വിരമിച്ചത‌്.

പ്രധാന വാർത്തകൾ
Top