18 November Sunday
ശുചീകരണം വിലയിരുത്താൻ മുഖ്യമന്ത്രിയെത്തി

പാർവതി പുത്തനാർ പഴയ പ്രൗഢിയിലേക്ക‌്

സ്വന്തം ലേഖകൻUpdated: Thursday Jul 5, 2018

പാർവതി പുത്തനാർ ശുചീകരണം വിലയിരുത്താൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശുചീകരണപ്രവർത്തനം കാണുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യൂ ടി തോമസ്‌ തുടങ്ങിയവർ സമീപം

തിരുവനന്തപുരം
നാശത്തിലേക്ക‌് പൊയ‌്ക്കൊണ്ടിരുന്ന പാർവതി പുത്തനാറിനെ പഴയ പ്രൗഢിയിലേക്ക‌് തിരിച്ചുകൊണ്ടുവരാനുള്ള എൽഡിഎഫ‌് സർക്കാർ നടപടി ദ്രുതഗതിയിൽ മുന്നേറുന്നു. ബുധനാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ ശുചീകരണ പ്രവർത്തനങ്ങൾ നേരിൽക്കണ്ട‌് വിലയിരുത്തി. അന്താരാഷ്ട്ര വിമാനത്താവളത്തിന‌് സമീപം പുത്തനാറിന്റെ ശുചീകരണം പൂർത്തിയായ സ്ഥലവും ശുചീകരണം നടക്കുന്ന സ്ഥലവും മുഖ്യമന്ത്രി സന്ദർശിച്ചു.
    കായലിൽ പടർന്നു കിടക്കുന്ന പോള, ആഫ്രിക്കൻ പായൽ എന്നിവ യന്ത്രം ഉപയോഗിച്ചാണ‌് നീക്കം ചെയ്യുന്നത‌്. ജലവിഭവ മന്ത്രി മാത്യു ടി തോമസ‌്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച‌് മുഖ്യമന്ത്രിയോട‌് വിശദീകരിച്ചു.
    നിർദിഷ്ട കോവളം﹣കാസർകോട‌് ജലപാതയുടെ തുടക്കമാണ‌് പാർവതി പുത്തനാർ. കോവളംമുതൽ ആക്കുളം കായൽവരെ നീളുന്ന 16 കിലോമീറ്ററാണ‌്  പാർവതീപുത്തനാറായി അറിയപ്പെടുന്നത്. ആറ്റിലെ ഒഴുക്ക് തടസ്സപ്പെടുത്തിക്കിടക്കുന്ന പോളകൾ, പായൽ, മാലിന്യങ്ങൾ എന്നിവയെല്ലാം നീക്കംചെയ്യുന്നുണ്ട‌്.
    ദേശീയ ജലപാത പദ്ധതി പൂർത്തീകരിക്കാൻ ‘ക്വിൽ’ (കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡ്) എന്ന പേരിൽ പ്രത്യേകോദ്ദേശ്യ കമ്പനി (എസ്‌പിവി) രൂപവൽകരിച്ചാണ‌് പ്രവർത്തനങ്ങൾ മുന്നേറുന്നത‌്.  മുഖ്യമന്ത്രിയാണ‌് കമ്പനിയുടെ ചെയർമാൻ.
   രാജഭരണകാലംമുതൽ യാത്രകൾക്കും ചരക്ക‌് നീക്കത്തിനും പ്രധാനമായും ആശ്രയിച്ചിരുന്ന പാതയായിരുന്നു പാർവതീപുത്തനാർ. കാസർകോട് നീലേശ്വരംവരെ നീളുന്ന ജലപാത യാഥാർഥ്യമായാൽ കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ‌്ക്കും മികച്ച നേട്ടമാണ‌് പ്രതീക്ഷിക്കുന്നത‌്.
സംസ്ഥാന ജലപാതയുടെ ഭാഗമായി വൻ മാറ്റത്തിനൊരുങ്ങുകയാണ് പാർവതീ പുത്തനാർ. 2000 ടൺവരെ ശേഷിയുള്ള കണ്ടെയ്‌നറുകൾ ഉൾക്കൊള്ളുന്ന ബാർജുകൾ, വിനോദസഞ്ചാരവികസനത്തിനുതകുന്ന പുരവഞ്ചികൾ തുടങ്ങി വികസനത്തിലേക്ക്‌ വഴിതുറക്കുന്ന പാതയായി മാറ്റുകയാണ് ലക്ഷ്യം.
പ്രധാന വാർത്തകൾ
Top