15 November Thursday

നാടിനുവേണ്ടി കുഞ്ഞാര്യനും തന്നാലായത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തിരുവനന്തപുരം
എന്താണ‌് പ്രളയം എന്ന‌് മനസ്സിലാക്കാനുള്ള പ്രായമൊന്നും ആര്യനില്ല. പക്ഷേ ഒരുപാട‌് ആളുകളുടെ വീടുകൾ വെള്ളത്തിൽ മുങ്ങിയെന്നും അവരൊക്കെ ഭക്ഷണം കഴിക്കാൻ പോലുമാകാതെ കഷ്ടപ്പെടുകയാണെന്നും അവന‌് മനസ്സിലായി. അവരെ സഹായിക്കാൻ തന്നാലാകുന്നത‌് ചെയ്യാൻ അവനുമുണ്ടായിരുന്നു തിരുവനന്തപുരം നഗരസഭാ കൗണ്ടറിൽ.
 
എൽകെജി വിദ്യാർഥിയായ ആര്യൻ നഗരസഭയുടെ സന്നദ്ധപ്രവർത്തകയായ ഗോപികയോടൊപ്പമാണ‌് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ ശേഖരിക്കുന്ന കൗണ്ടറിലെത്തിയത‌്. 
 
ആദ്യദിനംതന്നെ കൗണ്ടറിലെ പ്രവർത്തനങ്ങളിൽ സ്വമേധയ പങ്കാളിയായ ആര്യൻ ശ്രദ്ധാകേന്ദ്രമായി. നഗരസഭാ ജീവനക്കാരോട‌് ഉൾപ്പെടെ പെട്ടെന്നിണങ്ങിയ കുട്ടി കൗണ്ടറിലെത്തുന്നത‌് പതിവാക്കി. എത്ര വൈകിയാലും പരാതിയില്ലാതെ, ക്ഷീണമില്ലാതെ ചെറിയ ചെറിയ വസ‌്തുക്കൾ അടുക്കിവയ‌്ക്കാനും തരംതിരിക്കാനും അവൻ മുൻകൈയെടുത്തു. ഇതോടെ കൗണ്ടറിലെ പ്രവർത്തകർക്കെല്ലാം ആര്യൻ ആവേശമായി. സ‌്കൂൾ അവധി തീരുംവരെ കൗണ്ടറിൽ സേവനം അനുഷ‌്ഠിച്ച ആര്യനെ ആദരിക്കാനും നഗരസഭ മറന്നില്ല. 
അമ്പലമുക്ക‌് പൈപ്പ‌് ലൈനിൽ ബിജു ബി പിള്ള‐ഡോ. അനു എസ‌് കുമാർ എന്നിവരുടെ മകനാണ‌് നാലുവയസ്സുകാരൻ ആര്യൻ. നന്തൻകോട‌് ശബരിഗിരി സ‌്കൂളിലെ എൽകെജി വിദ്യാർഥിയാണ‌്. മഴകാരണം ഓണാവധി നേരത്തേ ആക്കിയതോടെ കുട്ടിയേയും കൂടെക്കുട്ടുകയായിരുന്നു ബന്ധുകൂടിയായ ഗോപിക.
പ്രധാന വാർത്തകൾ
Top