20 November Tuesday
ജങ്ഷൻ വികസനം

മന്ത്രി കടകംപള്ളി ശ്രീകാര്യം മുസ്ലിം ജമാഅത്ത് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018
കഴക്കൂട്ടം > ശ്രീകാര്യം ജങ്ഷനിലെ വികസനവും  ലൈറ്റ് മെട്രോയുടെയും മേൽപാലത്തിന്റെയും നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന്റെ അപാകതകൾ പരിഹരിക്കണമെന്ന ശ്രീകാര്യം മുസ്ലിം ജമാഅത്തിന്റെ പരാതി നേരിട്ട് മനസ്സിലാക്കാൻ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുസ്ലിം ജമാഅത്ത് സന്ദർശിച്ചു. വെള്ളിയാഴ്ച ജുംആ നമസ‌്കാരത്തിന് ശേഷം നടത്താനിരുന്ന പ്രതിഷേധ മാർച്ച് ഒഴിവാക്കണമെന്ന് അദ്ദേഹം ജമാഅത്ത് ഭാരവാഹികളോടും ആക‌്ഷൻ കൗൺസിലിനോടും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധ മാർച്ച് ഒഴിവാക്കിയതായി ജമാഅത്ത് പ്രസിഡന്റ‌് ഇ ഷാജഹാൻ അറിയിച്ചു.
വികസനത്തിന് ജമാഅത്ത് ഒരിക്കലും തടസ്സം നിൽക്കുകയില്ലെന്നും ഇരുവശത്ത് നിന്നും തുല്യമായി സ്ഥലം എടുക്കണമെന്നും ജമാഅത്തും ആക‌്ഷൻ കൗൺസിലും മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ ജമാഅത്തിന്റെ വശത്തുനിന്ന‌് 14 മീറ്ററും മറുവശത്തുനിന്ന‌് 7 മീറ്ററും എടുക്കുന്നു എന്നതാണ് പ്രധാനപ്പെട്ട പരാതി. സ്ഥലം എടുക്കലു മായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ ചർച്ച ചെയ്ത് തീരുമാനിക്കും. 
ഇതിനായി ഈ മാസം ആറിന‌് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ,  കലക്ടർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് ജമാഅത്ത് ഭാരവാഹികളുമായും ആക‌്ഷൻ കൗൺസിലുമായും ചർച്ചചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
വികസനത്തോടൊപ്പം ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സർക്കാർ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സ്ഥലം എടുക്കുന്നതിന്റെ അലൈൻമെന്റ‌് നിശ്ചയിച്ചത്. 
ഈ സർക്കാർ വന്നതിനുശേഷമാണ് അതിന് ഭരണാനുമതി ലഭിച്ചത്. 650 മീറ്റർ നീളമുള്ള മേൽപ്പാലത്തിന്റെ വീതി 15 മീറ്ററാണ്. മേൽപ്പാലത്തിന്റെ ഇരുവശത്തും അഞ്ചര മീറ്റർ വീതിയിൽ സർവീസ് റോഡും പോകുന്നുണ്ട്.
പ്രധാന വാർത്തകൾ
Top