26 September Wednesday
നെല്ലിക്കുന്ന് പാറമല ദുരന്തം

തൊഴിലാളിയുടെ കുടുംബത്തിന് ക്വാറി ഉടമ ഏഴുലക്ഷം നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018
കിളിമാനൂർ
നഗരൂർ, കരവാരം പഞ്ചായത്തുകളുടെ അതിർത്തികളിലായി സ്ഥിതി ചെയ്യുന്ന നെല്ലിക്കുന്ന് പാറമലയിൽ ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട അതിഥിസംസ്ഥാനത്തൊഴിലാളിയുടെ നിർധന കുടുംബത്തിന് തൊഴിലുടമ സഹായധനമായി 7 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചതായി ബി സത്യൻ എംഎൽ എ വാർത്താകുറിപ്പിൽ അറിയിച്ചു. നെല്ലിക്കുന്ന് മലയിലെ ശിവമുരുക അജന്താ ഗ്രാനൈറ്റ്സ് കമ്പനിയിലെ തൊഴിലാളി പശ്ചിമബംഗാൽ സ്വദേശി ഹമീദ് ഉൽ ഇസ്ളാം (30)ആണ് ക്വാറി അപകടത്തിൽ കൊല്ലപ്പെട്ടത്. 
 
 ഹമീദ് ഉൽ ഇസ്ളാമിന്റെ വരുമാനംകൊണ്ടുമാത്രമാണ് നാട്ടിൽ ഇയാളുടെ കുടുംബം നിത്യവൃത്തി കഴിക്കുന്നതെന്ന്  പാറമല സന്ദർശിച്ച എം എൽഎയോട് സഹപ്രവർത്തകർ പരാതിപ്പെട്ടിരുന്നു. 
 
തൊഴിലാളികൾക്കാവശ്യമായ ഒരു തൊഴിൽനിയമവും പരിരക്ഷയും ഉറപ്പാക്കാതെയാണ് ഇവിടത്തെ പാറമടകൾ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ ഇവിടെ പണിയെടുക്കുന്ന അതിഥിത്തൊഴിലാളികൾക്ക് സർക്കാർ സഹായം ലഭ്യമാകുന്നതിന് സാങ്കേതികതടസ്സങ്ങളും നിലനിൽക്കുന്നു. ഇക്കാരണത്താൽ തൊഴിലുടമയുടെ പ്രതിനിധിയോട് മരിച്ചയാളുടെ കുടുംബത്തിന് അർഹമായ സഹായധനം നൽകണമെന്ന് ബി സത്യൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശിവമുരുക അജന്താ ക്വാറിഉടമ തമിഴ്നാട് സ്വദേശി മാമലയൻ ഹമീദുൾ ഇസ്ളാമിന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപ കമ്പനിയുടെ നഷ്ടപരിഹാരമായി നൽകുമെന്നും മൃതദേഹം വിമാനമാർഗം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നൽകുമെന്ന് എംഎൽഎക്ക് ഉറപ്പ് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്ത് ചൊവ്വാഴ്ച മൂന്നോടെ പശ്ചിമബംഗാളിലെ ബാഗ് ബോഗ്രാ വിമാനത്താവളത്തിൽ എത്തിച്ചു. 
 
നെല്ലിക്കുന്നിലെ പാറമടകളിൽ നടക്കുന്ന ഖനനം നിയമാനുസൃതവും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്നും ഉറപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബി സത്യൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, മൈനിംഗ് ആൻഡ‌് ജിയോളജിമന്ത്രി എ സി മൊയ്തീൻ എന്നിവർക്ക് കത്ത് നൽകി.
പ്രധാന വാർത്തകൾ
Top