Top
20
Saturday, January 2018
About UsE-Paper

കെഎന്‍എസ്എസ്എ സ്കൂള്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ ആദരം

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌
തിരുവനന്തപുരം > ഗവ. സിറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കേരള ലെജിസ്ളേച്ചര്‍ സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ അധികൃതരുടെ ആദരം. സ്കൂളില്‍ നടന്ന വിജയോത്സവം-2017ല്‍ സ്കൂളിന്റെ ഉപഹാരം കെ മുരളീധരന്‍ എംഎല്‍എ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡി ഡി ഗോഡ്ഫ്രിക്ക് സമ്മാനിച്ചു. സംഘടനയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ ഏറ്റെടുത്തത്. കാടുപിടിച്ചുകിടന്ന സ്കൂള്‍ പരിസരം രണ്ടു ഘട്ടമായി നൂറോളം ജീവനക്കാരുടെ സഹകരണത്തോടെ ശുചീകരിച്ചു. വിഎച്ച്എസ്സി വിഭാഗത്തിന്റെ കംപ്യൂട്ടര്‍ ലാബ് വൈദ്യുതീകരിച്ച് പ്രവര്‍ത്തനയോഗ്യമാക്കി. ശൌചാലയങ്ങളില്‍ പുതിയ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചും പ്ളമ്പിങ് നടത്തിയും ഉപയോഗയോഗ്യമാക്കി. മൈക്ക്സെറ്റ് പ്രവര്‍ത്തനക്ഷമമാക്കി. എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന സംരംഭത്തില്‍ അസോസിയേഷനും പങ്കാളിയായി. സ്കൂള്‍ കോമ്പൌണ്ടില്‍ ജൈവപച്ചക്കറിത്തോട്ടം ഒരുക്കി. കൃഷിക്കാവശ്യമായ തൈകള്‍, വിത്തുകള്‍, ജൈവവളം, ജൈവകീടനാശിനികള്‍ എന്നിവ നല്‍കുകയും ചെയ്തു. വിളകളുടെ പരിപാലനത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സെക്രട്ടറിയറ്റിലെ കൃഷി ഓഫീസര്‍ നല്‍കി. അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും മികച്ച വിദ്യാലയാന്തരീക്ഷം ഒരുക്കാനും സഹായകമായെന്ന് ഹെഡ്മിസ്ട്രസ് എ സി ഗീത, പ്രിന്‍സിപ്പല്‍ സൈജാറാണി എന്നിവര്‍ പറഞ്ഞു.