15 December Saturday

'ആന'വിശേഷം അറിയാന്‍ ആകാംക്ഷയോടെ കുട്ടികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ബാലരാമപുരം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ കോട്ടൂരിനു സമീപത്തെ കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍

 ബാലരാമപുരം > കാപ്പുകാട്ടിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ ബാലരാമപുരം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ എത്തിയത് ആനവിശേഷങ്ങള്‍ അറിയാന്‍. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ബാലരാമപുരം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ പഠനയാത്രയുടെ ഭാഗമായാണ് കോട്ടൂരിനു സമീപത്തെ കാപ്പുകാട് സന്ദര്‍ശിച്ചത്. ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രവേശിച്ചതുമുതല്‍ പലരുടെയും ഉള്ളിലെ കൌതുകങ്ങളും സംശയങ്ങളും ആകാശം തൊട്ടു. കുട്ടികളുടെ താല്‍പ്പര്യം തിരിച്ചറിഞ്ഞ അധികൃതര്‍ ചോദ്യങ്ങള്‍ക്ക് ലളിതമായി മറുപടിയും നല്‍കി. ആനകളില്‍ കാരണവരായ സോമന്‍ എന്ന കരിവീരന് പ്രായം 80 കഴിഞ്ഞു. രണ്ടരമാസമായ ആനക്കുട്ടിയാണ് കാപ്പുകാട്ടിലെ ഏറ്റവും ഇളയതാരം. ഈ കുഞ്ഞനെ കാണാനാവില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി. ഒരു നവജാതശിശുവിന് ലഭ്യമായ പരിചരണമെല്ലാം സ്വീകരിച്ച്, കുഞ്ഞനാന ആനസങ്കേതത്തിലെ പ്രത്യേക ഇടത്തില്‍ കഴിയുകയാണ്. കുറച്ചുകൂടി പ്രായമുള്ള കുട്ടിയാനകളുടെ വികൃതികള്‍ കൂട്ടുകാര്‍ ആസ്വദിച്ചു. 

ഗൈഡ് പകര്‍ന്ന ആനവിശേഷങ്ങള്‍ അവര്‍ നോട്ടുബുക്കുകളില്‍ രേഖപ്പെടുത്തി. ആനയ്ക്ക് വിയര്‍പ്പുഗ്രന്ഥികളില്ലെന്നതും രണ്ടരമാസം പ്രായമുള്ള ആനയുടെ നിറം ചുവപ്പാണെന്നതുമൊക്കെയുള്ള വിവരം കുട്ടികള്‍ക്ക് പുതുമയായി. ആനകളെ രാവിലെയും വൈകിട്ടും കുളിപ്പിക്കും. അവയ്ക്ക് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കും. അതൊക്കെ സന്ദര്‍ശകര്‍ക്ക് കാണാനാകുമോ എന്നായി ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ബെറ്റി, സ്റ്റാഫ് സെക്രട്ടറി എസ് ചന്ദ്രകുമാര്‍, അധ്യാപകരായ ലത, ഗീത, ശുഭ, അനില, ഷെര്‍ളി എന്നിവര്‍ പഠനയാത്രയ്ക്ക് നേതൃത്വം നല്‍കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top