22 July Sunday

'നഷ്ടങ്ങള്‍ മറക്കുക; ആരോഗ്യം വീണ്ടെടുക്കാം'

സ്വന്തം ലേഖകന്‍Updated: Sunday Dec 3, 2017

കടല്‍ക്ഷോഭത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം > 'നഷ്ടങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട. ആരോഗ്യം വീണ്ടെടുക്കുക. നഷ്ടങ്ങള്‍ നികത്താമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അത് പാലിക്കപ്പെടും.' കേരളത്തിന്റെ ആശ്വാസമാണ് ആ വാക്കുകളില്‍ നിറഞ്ഞുനിന്നത്. ഭീമന്‍ തിരമാലകള്‍ക്കിടയില്‍പ്പെട്ട ജീവന്‍ വേണമോ ജീവനോപാധികള്‍ വേണമോ എന്ന ചോദ്യത്തിനുമുന്നില്‍, ജീവന്‍ മതിയെന്ന് നിശ്ചയിച്ചുറപ്പിച്ച് കരതേടിയവരുടെ വേവലാതികള്‍ക്ക് അറുതിവരുത്തുകയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓഖി ചുഴലിക്കാറ്റിന്റെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെട്ട് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയവരെ സാന്ത്വനിപ്പിക്കുകയായിരുന്നു കോടിയേരി. ശനിയാഴ്ച കോടിയേരി ഇരു ആശുപത്രികളിലുമെത്തി എല്ലാ ദുരിതബാധിതരെയും നേരിട്ടുകണ്ടു. 
 
അമ്പത്തെട്ടുകാരനായ ദേവദാസായിരുന്നു പ്രധാന ആവലാതിക്കാരന്‍. എട്ടാംവയസ്സില്‍ കടലില്‍ പോയി തുടങ്ങിയതാണ്. 50 വര്‍ഷത്തിനിടയില്‍ ഇതുപോലൊരു അനുഭവം ആദ്യം. കൂറ്റന്‍ തിരമാലകളില്‍ ഏഴുപേരുള്ള യാനത്തില്‍നിന്ന് ഒരാള്‍ പുറത്തേക്ക് തെറിച്ചു. മൂന്നുപേര്‍ രക്ഷിക്കാന്‍ തിരകളിലേക്ക് ചാടി. മൂന്നുപേര്‍ വള്ളത്തിനകത്തും. തുടരെതുടരെ തിരമാലകളുടെ രീതിമാറി. ഭീമാകാരം പൂണ്ട തിരമാലകള്‍ വള്ളത്തെ മറിച്ചു. എല്ലാവരും വെള്ളത്തിലായി. വള്ളം അകന്നകന്നുപോയി. എന്നിട്ടും ആത്മനിയന്ത്രണം വിട്ടില്ല. കൈകള്‍ കോര്‍ത്തുപിടിച്ച് മണിക്കൂറുകളോളം ഭീമന്‍ തിരമാലകളില്‍ ഒന്നിച്ചുകിടന്നു. ഒടുവില്‍ ആ ധൈര്യം അവരെ സഹായഹസ്തങ്ങളിലെത്തിച്ചു; കരയിലേക്കും. 28ന് നിശ്ചയിച്ചിട്ടുള്ള ഇളയമകളുടെ കല്യാണം കാണാതെ ജീവിതത്തില്‍നിന്ന് മടങ്ങേണ്ടിവരുമെന്ന ആശങ്കയില്‍നിന്നായിരുന്നു ദേവദാസിന്റെയും സഹപ്രവര്‍ത്തകരുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പ്.
 
ഇങ്ങനെ ഓരോരുത്തര്‍ക്കും ഓരോ കഥ കോടിയേരിയോട് പറയാനുണ്ടായിരുന്നു. എല്ലാം അനുകമ്പയോടെ കേട്ട കോടിയേരി ആശ്വാസവാക്കുകളിലൂടെ സാന്ത്വനം പകര്‍ന്നു. ചികിത്സാസൌകര്യങ്ങള്‍ വിലയിരുത്തി. ചെറിയ ചെറിയ പരാതികളില്‍പ്പോലും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി, അപ്പോള്‍ത്തന്നെ പരിഹരിച്ചു. പൂര്‍ണസമയവും പരിചരണത്തിന് ആശുപത്രി ജീവനക്കാരെ സഹായിക്കാന്‍ രംഗത്തുണ്ടാകണമെന്ന് ജനറല്‍ ആശുപത്രിയില്‍ സേവനരംഗത്തുള്ള ഡിവൈഎഫ്ഐ സാന്ത്വനപരിചരണ കര്‍മസേനാ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന 49 പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 42 പേരെയും അദ്ദേഹം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാരോട് ആരാഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ പി ബിജു, കൌണ്‍സിലര്‍ ഐ പി ബിനു, സിപിഐ എം മെഡിക്കല്‍ കോളേജ് ലോക്കല്‍ സെക്രട്ടറി ഡി ആര്‍ അനില്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top