20 September Thursday

ഉടമയുടെ അനുവാദമില്ലാതെ മാറനല്ലൂർ പഞ്ചായത്ത് അംഗത്തിന്റെ വയൽ നികത്തൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

കാട്ടാക്കട

വാഴയും പച്ചക്കറിയും മരച്ചീനിയും കൃഷിചെയ്യുന്ന പാടത്ത് ഉടമയുടെ അനുമതിയില്ലാതെ പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിൽ ഏതാനുംപേർ ചേർന്ന് മണ്ണുകൊണ്ടുതള്ളി പാടം നികത്തി. വിവരമറിഞ്ഞെത്തിയ ഉടമ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു. മാറനല്ലൂർ കൂവളശേരി മഹാദേവ ക്ഷേത്രത്തിനു പുറകിലുള്ള പാടശേഖരത്തിലെ ഇടവഴിയോട് ചേർന്ന പാടമാണ് പുലർച്ചെ കുന്നിടിച്ച് മണ്ണുകൊണ്ടുതള്ളിയത്. കൂവളശേരി  പോങ്ങുംമൂട് ഷിബുവിലാസത്തിൽ ജി പങ്കജാക്ഷന്റെ 29 സെന്റ് വരുന്ന പാടമാണ് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാർഡ്‌ അംഗമായ കോൺഗ്രസ്‌ വനിതാ അംഗം നികത്തിയത്. നിലവിലുള്ള പാതയുടെ വീതി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാടത്ത് മണ്ണുകൊണ്ട് തള്ളിയതെങ്കിലും ഉടമയോട് അനുമതി ചോദിച്ചിരുന്നില്ല. പാടം നികത്തിയതോടെ സമീപത്ത് ഒഴുകുന്ന നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. റവന്യൂവകുപ്പിന്റെ അനുമതിയില്ലാതെയാണ് കുന്നിടിച്ചതും പാടം നികത്തിയതും. അഞ്ചുസെന്റോളം പ്രദേശം മണിക്കൂറുകൾക്കുള്ളിൽ നികത്തിക്കഴിഞ്ഞു. വിവരമറിഞ്ഞ് സമീപത്തെ പാടം ഉടമകളും പ്രതിഷേധവുമായി എത്തി. നികത്തിയ പാടത്തോട് ചേർന്നുകിടക്കുന്ന കൃഷിഭൂമിക്കും നീരൊഴുക്കിനും തടസ്സം സൃഷ്ടിച്ചുള്ള പാടം നികത്തൽ അനുവദിക്കാനാകില്ലന്ന് കർഷകർ ചൂണ്ടിക്കാട്ടി. കൃഷിഭൂമി നികത്താതെ വഴിയുടെ വീതി വർധിപ്പിക്കാമെന്നിരിക്കെ അനുമതിപോലും ചോദിക്കാതെ പാടം നികത്തിയവർക്കെതിരെ കർശന നടപടി വേണമെന്ന് ഉടമ പങ്കജാക്ഷൻ പരാതിയിൽ വ്യക്തമാക്കി. കോൺഗ്രസ്‌ ഭരണസമിതിയാണ് മാറനല്ലൂർ പഞ്ചായത്ത്‌ ഭരിക്കുന്നത്‌.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top