25 September Tuesday

അസുഖം തളർത്തിയില്ല സെൻ മാഷിന് പുരസ്കാരം

ഗിരീഷ്‌ എസ്‌ വെഞ്ഞാറമൂട്‌Updated: Sunday Sep 2, 2018
വെഞ്ഞാറമൂട് > അസുഖബാധിതനായിട്ടും തളരാതെ കർമപഥത്തിൽ സജീവമായ ബി കെ സെന്നിന‌് സംസ്ഥാന അധ്യാപക പുരസ്കാരം. മികച്ച  പ്രൈമറി അധ്യാപകനുള്ള പുരസ്കാരത്തിനാണ് വെഞ്ഞാറമൂട് ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെഞ്ഞാറമൂട് ഗുരുകൃപയിൽ ബി കെ സെന്‍ അര്‍ഹനായത്. പരിമിതികളെ വെല്ലുവിളിയായി കാണുകയും പ്രയത്‌നംകൊണ്ട് വിജയം കൈവരിക്കാമെന്ന‌് സ്വന്തം അനുഭവത്തിലൂടെ  വിദ്യാര്‍ഥികള്‍ക്ക് ബോധ്യമാക്കുകയും  ചെയ്യുന്ന സെന്നിന് സർക്കാർ പുരസ്‌കാരം മറ്റൊരു അംഗീകാരമായി. നിരവധി അവാർഡുകള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്. മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ്, ഗാന്ധി ദര്‍ശന്‍ അവാര്‍ഡ്, ബയോ യൂണിവേഴ്‌സിറ്റി ക്ലീന്‍ ടീച്ചർ അവാർഡ‌്, മികച്ച ഭിന്നശേഷിക്കാരനായ സര്‍ക്കാര്‍ ജീവനക്കാരനുള്ള അവാർഡ‌്, അംബേദ്കർ പുരസ്‌കാരം, ഗാന്ധിയന്‍ പുരസ്‌കാരം എന്നിവ ലഭിച്ചു.
ബാല്യത്തില്‍ ബാധിച്ച രോഗത്തെതുടര്‍ന്ന് ഭിന്നശേഷിക്കാരനായി പിന്നീട്  മാറിയെങ്കിലും മികച്ച വിദ്യാഭ്യാസം നേടി.  1998ല്‍  അധ്യാപകനായി. 20 വര്‍ഷത്തിനിടയില്‍ പാറയ്ക്കല്‍, ആനാകുടി, കോലിയക്കോട്, ആലുന്തറ എന്നിവിടങ്ങളില്‍  ജോലി നോക്കി. പരിസ്ഥിതി ക്ലബ‌്, ഗണിത ക്ലബ‌്, ശാസ്ത്ര ക്ലബ‌് എന്നിവ രൂപീകരിക്കുന്നതിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍നിന്ന‌് പ്രവര്‍ത്തിച്ചു.വീല്‍ചെയറില്‍ സ്‌കൂളിലെത്തുന്ന ഇദ്ദേഹത്തിന്റെ മികച്ച അധ്യാപനത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരത്തെ നാട്ടുകാര്‍ വിലയിരുത്തുന്നത്. 
അധ്യാപകരായി വിരമിച്ച  എ ബ്രഹ്മാനന്ദന്‍‐ ബി കമലാഭായി  ദമ്പതികളുടെ മകനാണ്. ഭാര്യ: ലേഖ, ഇമേജ് സെന്‍, മാക്‌സിമ സെന്‍ എന്നിവര്‍ മക്കള്‍.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top