22 September Saturday
തലസ്ഥാനത്ത‌് വൻ ലഹരിവേട്ട

6 കോടിയുടെ 6.4 കിലോ ഹാഷിഷ‌് ഓയിൽ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

അറസ്‌റ്റിലായ പ്രതികൾ

തിരുവനന്തപുരം > അട്ടക്കുളങ്ങര ഈഞ്ചയ‌്ക്കൽ ബൈപാസിൽ ആറുകോടി രൂപ വിലവരുന്ന 6.4 കിലോഗ്രാം ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. അഡ്വാൻസായി കൊണ്ടുവന്ന 6.70 ലക്ഷം രൂപയും രണ്ട് ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു. തൂത്തുക്കുടി സ്വദേശി ആന്റണി (39), ഇടുക്കി തങ്കമണി സ്വദേശികളായ ബിനോയ് തോമസ് (44), ഗോപി (68) എന്നിവരാണ് അറസ്റ്റിലായത്.
ഇടുക്കിയിൽ ഇടപാട് ഉറപ്പിച്ചശേഷം വിദേശത്തേക്കു കടത്താനായിരുന്നു പദ്ധതി. തിരുവനന്തപുരം വിമാനത്താവളംവഴി ഹാഷിഷ് അയയ്ക്കാൻ കഴിയാതെവന്നാൽ തൂത്തുക്കുടി തുറമുഖംവഴി കടത്താനാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.  മാലി സ്വദേശി അബ്ദുള്ള എന്നയാളിന‌് കൈമാറുകയായിരുന്നു ലക്ഷ്യം. അഡ്വാൻസ‌് വിലയായി കൊണ്ടുവന്ന 6.70 ലക്ഷം രൂപയാണ‌് പിടികൂടിയത‌്. ഹാഷിഷിന്റെ ഗുണനിലവാരം ഉറപ്പാക്കിയശേഷം ബാക്കി വില പിന്നീട‌് നൽകുകയാണ‌് പതിവ‌്. 
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനിൽകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫിസർമാരായ  വി എസ് ദീപുക്കുട്ടൻ,  ബി സന്തോഷ‌്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ശിവൻ, സുനിൽകുമാർ, രാജേഷ‌്കുമാർ, അരുൺകുമാർ, ബിനുരാജ്, ഷാജികുമാർ, സുനിൽകുമാർ, സുധീർ കുമാർ തുടങ്ങിയവരാണ‌് സംഘത്തെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ മെയ‌് 25ന‌് തിരുവനന്തപുരത്തുനിന്ന‌് 10.5 കോടി വിലവരുന്ന 10.202 കിലോ ഗ്രാം ഹാഷിഷ‌് ഓയിലും 13. 5 ലക്ഷം രൂപയും കഴിഞ്ഞയാഴ‌്ച കഴക്കൂട്ടത്തുനിന്ന‌് 700 ഗ്രാം ഹാഷിഷ‌് ഓയിലും അഞ്ഞൂറിലേറെ ലഹരിഗുളികകളും പിടികൂടിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top