25 September Tuesday
ബസപകടം

പരിക്കേറ്റവര്‍ക്ക് ഉടനടി ചികിത്സ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
തിരുവനന്തപുരം > ഡോക്ടർമാരും നേഴ്സുമാരും മറ്റു ജീവനക്കാരും ട്രോളികളും വീൽചെയറുകളും ഉൾപ്പെടെ അടിയന്തരചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും അത്യാഹിതവിഭാ​ഗത്തിൽ റെഡി.  ബസപകടത്തിൽ പരിക്കേറ്റവർക്ക് പരാതിയില്ലാത്തവിധം ഉടനടി ചികിത്സ. 
മുൻകാലങ്ങളിലെ അനുഭവങ്ങളിൽനിന്ന‌് വ്യത്യസ്തമായി മാസ് കാഷ്യാലിറ്റി വരുമ്പോൾ  എല്ലാവർക്കും നിമിഷനേരത്തിനുള്ളിൽ പരാതിരഹിതമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നത്  പുതിയ അനുഭവം പകർന്നുനൽകുന്നു. അന്തിയൂർക്കോണത്തുനടന്ന ബസപകടം അതിന്റെ ഒടുവിലത്തെ ഉദാഹരണം. 38 പേരെയാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ​ഗുരുതരമല്ലാത്തതിനാൽ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ല.
രോ​ഗികളെ വിവിധ വാഹനങ്ങളിലായി ആശുപത്രിയിലെത്തിക്കുമ്പോൾ അത്യാഹിതവിഭാ​ഗത്തിനുമുന്നിൽ ​ഗതാ​ഗതക്കുരുക്ക് പതിവായിരുന്നു. കാഴ്ചക്കാരുടെ കൂട്ടം അതിലേറെ ​ദുർഘടം സൃഷ്ടിക്കും. ഇപ്പോൾ ആംബുലൻസുകൾക്ക് സു​ഗമമായി കടന്നുവരാൻ പൊലീസും സുരക്ഷാജീവനക്കാരും ഒരുക്കുന്ന ​ഗതാ​ഗതനിയന്ത്രണം ഏറെ ഫലപ്രദമാണ്.  
രോ​ഗിയെ ഡോക്ടറുടെ അടുത്തെത്തിക്കുന്നതുവരെ അറ്റന്റർമാരുടെയും നേഴ്സിങ് അസിസ്റ്റൻറുമാരുടെയും വിശ്രമമില്ലാത്ത പ്രവർത്തനം. 
എക്സ്റെ, സ്കാനിങ് തുടങ്ങിയ പരിശോധനകൾക്ക് താമസം കൂടാതെ എത്തിക്കുന്നതും പുതിയ അനുഭവമാണ്. അതുകൊണ്ടുതന്നെ രോ​ഗികൾക്കൊപ്പം വരുന്നവരുമായുള്ള  പതിവ് തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാകുന്നുമുണ്ട്. പുതിയ അത്യാഹിതവിഭാ​ഗം പ്രവർത്തനം ആരംഭിക്കുന്നതോടെ ഇനിയും പോരായ്മകൾ എല്ലാം പരിഹരിച്ച് കൂടുതൽ സൗകര്യങ്ങളോടെ രോ​ഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top