17 November Saturday

പ്രിയശിഷ്യയ്ക്ക‌് സ്നേഹസമ്മാനങ്ങളുമായി അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

തിരുവനന്തപുരം

വിജയാരവങ്ങളിൽ പങ്കെടുക്കാനാകാതെ കാഴ്ചക്കാരിയായി നിൽക്കേണ്ടിവന്ന പെൺകുട്ടി. ഒരു മാർക്കിന്റെ കുറവ‌്പട്ടം ഗവ. മോഡൽ ഗേൾസ‌് എച്ച‌്എസ‌്എസ‌് വിദ്യാർഥിനി ദേവികയ്ക്ക‌് നഷ്ടപ്പെടുത്തിയത‌് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ‌് എന്ന പെരുമയായിരുന്നു. വ്യക്തിപരമായ നഷ്ടത്തിലും തളരാതെനിന്ന‌് കൂട്ടുകാർക്കായുള്ള അനുമോദനച്ചടങ്ങിൽ ഏറ്റവും ഉച്ചത്തിൽ കൈയടിച്ച പ്രിയശിഷ്യയെ അധ്യാപകരും മറന്നില്ല. കൈവിട്ട ഇംഗ്ലീഷിനും പുനർമൂല്യനിർണയത്തിലൂടെ എ പ്ലസ‌് നേടിയെടുത്ത ദേവികയ്ക്ക‌് കൈനിറയെ സമ്മാനങ്ങളുമായി അവർ വീട്ടിലെത്തി. കൊമേഴ‌്സ‌് വിഭാഗത്തിൽ പ്രവേശനം നേടിയതുമുതൽ ദേവിക അധ്യാപകരുടെ കണ്ണിലുണ്ണിയാണ‌്. ജോലിക്കയറ്റം ലഭിച്ച‌് ജില്ല മാറി പോകുമ്പോഴും സഹപ്രവർത്തകരോട‌് ടീച്ചർ ആവർത്തിച്ചു, പ്രിയശിഷ്യ ഉയരങ്ങളിലെത്തുമെന്ന‌്. നിർധനകുടുംബത്തിൽനിന്നെത്തി, ഓട്ടോറിക്ഷാ തൊഴിലാളിയായ അച്ഛന്റെ പെട്ടെന്നുള്ള മരണത്തിലും തളരാതെ കുടുംബത്തിന‌് താങ്ങായിനിന്ന ദേവികയ്ക്ക‌് സഹായവുമായി അധ്യാപകർ എന്നും കൂടെയുണ്ടായിരുന്നു. പഠനച്ചെലവുകൾക്കായി മാസാമാസം ആയിരം രൂപ സഹായം നൽകാൻ സ്പോൺസറെ കണ്ടെത്തിയത‌് പ്രിൻസിപ്പൽ എൻ രത്നകുമാറാണ‌്. ഇംഗ്ലീഷിന‌് നഷ്ടമായ എ പ്ലസിനായി പുനർമൂല്യനിർണയം നടത്താൻ പ്രോത്സാഹനമേകിയത‌് വൈസ‌് പ്രിൻസിപ്പൽകൂടിയായ ഇംഗ്ലീഷ‌് അധ്യാപിക രേഖയും. നേട്ടം അൽപ്പം വൈകിയാലും കൂടുതൽ സന്തോഷം നൽകുന്നെന്ന‌് ദേവിക പറഞ്ഞു. നീറമൺകര വനിതാ കോളേജിലെ ബികോം പഠനം നല്ല നിലയിൽ പൂർത്തിയാക്കണം. ജോലി സമ്പാദിക്കണം. ലൈഫ‌് മിഷനിൽ ഉൾപ്പെടുത്തി കരുമത്ത‌് പണിയുന്ന കൊച്ചുവീട‌് പൂർത്തിയാക്കണം. പ്രദേശത്തെ സ്കൂൾ വിദ്യാർഥികളുടെ ട്യൂഷൻ ടീച്ചർ കൂടിയാണീ മിടുക്കി. അമ്മാവനൊപ്പമാണ‌് അമ്മയും അനുജനും ദേവികയും താമസിക്കുന്നത‌്.

പ്രധാന വാർത്തകൾ
Top