Top
19
Tuesday, December 2017
About UsE-Paper

ജില്ലയില്‍ തുലാവര്‍ഷ മഴ 18 ശതമാനം കൂടുതല്‍

Friday Dec 1, 2017
വി ജയിന്‍
കൊല്ലം > ജില്ലയില്‍ തുലാവര്‍ഷ മഴയില്‍ രണ്ട് മാസ കാലയളവില്‍ 18 ശതമാനം വര്‍ധന. ഒക്ടോബര്‍ ഒന്നു മുതല്‍ നവമ്പര്‍ 30 വരെയുള്ള രണ്ട് മാസത്തിനുള്ളില്‍ ജില്ലയില്‍ ശരാശരി പെയ്യേണ്ട മഴ 584.1 മില്ലീമീറ്ററാണ്. എന്നാല്‍ 691.5 മില്ലീമീറ്റര്‍ കിട്ടി. ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കിലാണ് ഈ വിവരം.
വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ 51.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ആര്യങ്കാവില്‍ മാത്രം 147 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ശ്രീലങ്കക്കടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യിച്ചത്. ഒറ്റ ദിവസം മാത്രം ജില്ലയില്‍ 210 ശതമാനം മഴ കൂടുതല്‍ കിട്ടി.
ഇക്കൊല്ലത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍(ഇടവപ്പാതി) കാലത്ത് 1.87 ശതമാനം കൂടുതല്‍ മഴയാണ് ജില്ലയ്ക്ക് കിട്ടിയത്. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള നാല് മാസക്കാലം 1332.3 മില്ലീമീറ്റര്‍ മഴയാണ് ശരാശരിയായി ജില്ലയില്‍ പെയ്യേണ്ടത്. എന്നാല്‍ 1357.15 മില്ലീമീറ്റര്‍ മഴ പെയ്തു. 
തുലാവര്‍ഷക്കാലത്തെ ആദ്യത്തെ രണ്ട് മാസങ്ങളില്‍(ഒക്ടോബര്‍ ഒന്നു മുതല്‍ നവമ്പര്‍ 30 വരെ) ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ട ജില്ലയിലാണ്. 49 ശതമാനം കൂടുതല്‍ മഴയാണ് അവിടെ ലഭിച്ചത്. ആലപ്പുഴ ജില്ലയിലും 18 ശതമാനം കൂടുതല്‍ മഴ കിട്ടി. കോട്ടയം, എറണാകുളം ജില്ലകളില്‍ 15 ശതമാനം വീതവും തിരുവനന്തപുരത്ത് 12 ശതമാനവും കൂടുതല്‍ മഴ ലഭിച്ചു. മറ്റ് ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവ് മഴയാണ് തുലാവര്‍ഷക്കാലത്ത് ലഭിച്ചത്. ഇടവപ്പാതിയില്‍ വടക്കന്‍ ജില്ലകളിലാണ് താരതമ്യേന കൂടുതല്‍ മഴ കിട്ടുന്നത്. തുലാവര്‍ഷമാകുമ്പോള്‍ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്യുന്നത്. 
ന്യൂനമര്‍ദ്ദം കാരണം വരുന്ന രണ്ട് ദിവസങ്ങളില്‍ കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഓഖി കൊടുങ്കാറ്റ് കാരണം മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.