15 December Saturday

ഷഹീന്റെ തിരോധാനം: ഞെട്ടലിൽനിന്ന്‌ മുക്തമാകാതെ ഗ്രാമം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

മേലാറ്റൂർ  > ഒമ്പത് വയസുകാരൻ മുഹമ്മദ് ഷഹീന്റെ തിരോധാനത്തിൽ പിതൃസഹോദരനാണ‌് പ്രതിയെന്നറിഞ്ഞതോടെ ഇപ്പോഴും ഞെട്ടൽമാറാതെ എടയാറ്റൂർ  ഗ്രാമം. കുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരും. എന്നാൽ ഷഹീനെ പിതൃസഹോദരൻ ജീവനോടെ പുഴയിലേക്കെറിയുകയായിരുന്നു എന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാൻകഴിഞ്ഞില്ല.

13ന‌് സ‌്കൂളിലേക്കുപോയ കുട്ടിയെ കാണാനില്ലെന്ന വാർത്ത പ്രചരിച്ചതോടെതന്നെ നാട്ടുകാർ ആശങ്കയിലായിരുന്നു. എടയാറ്റൂർ ഗ്രാമത്തിന് ഇങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു.പെയിന്റിങ‌് ജോലിക്കാരനും ആനക്കയം സ്വദേശിയുമായ അബ്ദുൾ സലീം 13  വർഷമായി എടയാറ്റൂരിലാണ് താമസം. ഏതാനും വർഷമായി  ലക്ഷംവീട് കോളനിക്കുസമീപം വാടക ക്വാർട്ടേഴ്സിലാണ് കഴിയുന്നത്. എടയാറ്റൂർ കാട്ടുചിറ സ്വദേശിയായ ഭാര്യ ഹസീന എടയാറ്റൂരിലെ പള്ളിപ്പടിയിലെ അങ്കണവാടി വർക്കറാണ്.

ഗർഭിണിയായ ഹസീന 13ന‌് രാവിലെ ആശുപത്രിയിലേക്കായി നേരത്തെ ഇറങ്ങിയിരുന്നു. ഇതിനുശേഷമാണ് ഷഹീൻ തന്റെ സൈക്കിളിൽ ഏതാനും വാര അകലെയുള്ള ഡിഎൻഎം യുപി സ്കൂളിലേക്ക് പോയത്. എന്നാൽ ആസൂത്രിതമായി പിതാവിന്റെ ജ്യേഷ്ഠസഹോദരനായ മുഹമ്മദ് കുട്ടിയെയും കൊണ്ടുപോവുകയായിരുന്നു. ഷഹീന്റെ സ്കൂളിൽതന്നെ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിയായ ജ്യേഷ്ഠൻ മുഹമ്മദ് ഷെഹലാണ് വീട്ടിൽനിന്ന് സൈക്കിളിൽ പോന്ന അനുജൻ സ്കൂളിൽ എത്താത്ത വിവരം അധ്യാപകരെ അറിയിച്ചത്. തുടർന്ന് ഉടൻ പൊലീസിൽ പരാതി നൽകി.

തുടർന്ന് അന്വേഷണത്തിലും പ്രതിഷേധ പരിപാടികളിലും സജീവമായി പങ്കെടുത്ത മുഹമ്മദ്  ആർക്കും ഒരു സംശയത്തിനും ഇടംനൽകിയില്ല. സലീമിന്റെ പക്കൽനിന്ന് പണംതട്ടാനാണ് കുട്ടിയെ കൊണ്ടുപോയതെന്നും സംഭവം പുറത്തായതോടെ സ്വയംരക്ഷയ‌്ക്കാണ് കുട്ടിയെ ആനക്കയം പാലത്തിൽനിന്ന് ജീവനോടെ പുഴയിലേക്കിട്ടതെന്നുമാണ് മുഹമ്മദിന്റെ മൊഴി.

പ്രധാന വാർത്തകൾ
Top