14 November Wednesday

ജനാധിപത്യത്തിന്റെ ഉത്സവം 6ന‌് രാഷ്‌ട്രപതി ഉദ്ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018


തിരുവനന്തപുരം
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആറുമാസം നീളുന്ന ജനാധിപത്യത്തിന്റെ ഉത്സവം പരിപാടി സംഘടിപ്പിക്കും.ആഗസ‌്ത‌് ആറിന‌് തിരുവനന്തപുരത്ത് രാഷ്ട്രപതി  രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുമെന്ന‌് സ‌്പീക്കർ  പി ശ്രീരാമകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിയമസഭാസമുച്ചയത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ  പകൽ 11ന‌് നടക്കുന്ന ചടങ്ങിൽ ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന‌്  ദേശീയ സാമാജികസമ്മേളനത്തിൽ കാഞ്ച ഏലയ്യ, പ്രൊഫ. ഗോപാല ഗുരു, കനിമൊഴി തുടങ്ങിയവർ പങ്കെടുക്കും.

ജനാധിപത്യം, ഭരണഘടന, ദേശീയത എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്താനുള്ള ആറ് പരിപാടികൾ ഉൾപ്പെടുന്നതാണ് ജനാധിപത്യത്തിന്റെ ഉത്സവം. സ്വതന്ത്ര ഇന്ത്യയിൽ പട്ടികജാതി, പട്ടികവർഗക്കാരുടെ ശാക്തീകരണത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ  സാമാജി കരുടെ ദേശീയസമ്മേളനം ആറ്, ഏഴ് തീയതികളിൽ നടക്കും. എംപിമാർ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എംഎൽഎമാർ, എംഎൽസിമാർ, സംസ്ഥാനത്തെ എംഎൽഎമാർ തുടങ്ങി 850ൽപരം പ്രതിനിധികൾ പങ്കെടുക്കും. ഓപ്പൺ ഫോറം കേന്ദ്രമന്ത്രി രാം ദാസ് അത്വാലെ ഉദ്ഘാടനംചെയ്യും.

സെപ‌്തംബർ രണ്ടാംവാരം വനിതാസാമാജികരുടെ ദേശീയസമ്മേളനത്തിൽ കേരളത്തിലെയും  ഇതര സംസ്ഥാനങ്ങളിലെയും വനിതാ എംഎൽഎമാർ,  തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജനാധിപത്യത്തിൽ വനിതകൾ എന്നതാണ്  മുഖ്യവിഷയം.

ദേശീയ വിദ്യാർഥി പാർലമെന്റ‌് ഒക്ടോബർ രണ്ടാംവാരത്തിലാണ‌്.  ജനാധിപത്യത്തെക്കുറിച്ച‌് ചർച്ചചെയ്യുന്ന ദേശീയ മാധ്യമ സമ്മേളനം, കേരള വികസനത്തിന്റെ അനുഭവങ്ങളും വെല്ലുവിളികളും ചർച്ചയ്ക്ക് വിധേയമാക്കുന്ന ‘കേരള വികസനത്തിൽ അഭിപ്രായസമന്വയം’ എന്നിവയാണ് മറ്റ് പരിപാടികൾ. സംസ്ഥാന സർക്കാരിന്റെ
പാർലമെന്ററികാര്യ വകുപ്പ്, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിക്ക് സാങ്കേതിക സഹായം നൽകുന്നത് പുണെയിലെ എംഐടി സ്കൂൾ ഓഫ് ഗവേണൻസാണ്.

ഫെസ്റ്റിവെൽ  ഓൺ ഡെമോക്രസി എന്ന പരിപാടിക്കായി തയ്യാറാക്കിയ ലോഗോ പ്രകാശനവും  വെബ്സൈറ്റിന്റെ ഉദ്ഘാടനവും  സ്പീക്കർ നിർവഹിച്ചു. ഡെപ്യൂട്ടി സ‌്പീക്കർ വി ശശി, നിയമസഭാ സെക്രട്ടറി വി കെ ബാബുപ്രകാശ‌്, എംഐടി ഡയറക്ടർ ഷൈലാശ്രീ ഹരിദാസ‌്, ചീഫ‌് എക‌്സിക്യൂട്ടിവ‌് ഓഫീസർ ശങ്കർ സിംഗായി എന്നിവരും സംസാരിച്ചു. എസ‌് ബിന്ദു നന്ദി പറഞ്ഞു. www.festivalondemocrasy.in  എന്നതാണ് വെബ്സൈറ്റ് വിലാസം.

പ്രധാന വാർത്തകൾ
Top