15 December Saturday

ചെയർപേഴ്സണെതിരെ കോൺഗ്രസിന്റെ അവിശ്വാസം നാളെ; രാജിവയ‌്ക്കാൻ സമ്മർദം

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018
പത്തനംതിട്ട 
ഡിസിസി നേതൃത്വം കോൺഗ്രസ് നേതാവായ നഗരസഭ ചെയർപേഴ്സണെ അട്ടിമറിക്കാൻ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ ചർച്ച ശനിയാഴ്ച നടക്കാനിരിക്കെ കോൺഗ്രസിലും യുഡിഎഫിലും രാഷ്ട്രീയ വടംവലി രൂക്ഷമായി. അട്ടിമറി നീക്കങ്ങൾ പരാജയപ്പെടുമെന്ന ഘട്ടത്തിൽ ചെയർപേഴ്സൺ രജനി പ്രദീപനെ രാജിവയ‌്പ്പിക്കാനുള്ള നീക്കവും അണിയറയിൽ സജീവം.
അഴിമതിയും കച്ചവടവും മുഖമുദ്രയാക്കിയ കോൺഗ്രസിൽ അധികാര വടംവലി ഈ ഭരണകാലം ആരംഭിച്ചപ്പോൾതന്നെ തുടങ്ങിയതാണ്. മുൻ ഭരണകാലത്ത് നേതൃത്വം നൽകിയ ചെയർമാൻ എ സുരേഷ‌്‌കുമാർ തന്റെ ഭാര്യ ഗീത സുരേഷിനെ ചെയർപേഴ്സൺ ആക്കാൻ ആദ്യം മുതൽ ശ്രമം നടത്തിയിരുന്നു. മുതിർന്ന കൗൺസിലറും കെപിസിസി നേതൃത്വത്തിന്റെ അടുപ്പക്കാരിയുമായ രജനി പ്രദീപിനാണ് ചെയർപേഴ്സണാകാൻ  യോഗം ലഭിച്ചത്. കോൺഗ്രസിൽ അവിടെ തുടങ്ങിയ അധികാര വടംവലി ഭരണകാലം മൂന്നുവർഷം ആകാറാകുമ്പോൾ അവിശ്വാസത്തിലേക്ക് എത്തിയിരിക്കുകയാണ്. നാലുമാസം മുമ്പ് മുതൽ ചെയർപേഴ്സനെ നീക്കുന്ന ശ്രമം ഡിസിസി നേതൃത്വം ആരംഭിച്ചിരുന്നു. ഇവരുടെ കാലാവധി കഴിഞ്ഞെന്നും രാജിവയ‌്ക്കണമെന്നും ആയിരുന്നു ഡിസിസിയുടെ ആവശ്യം. രാജിയില്ലെന്ന് രജനി പ്രദീപ് പ്രഖ്യാപിച്ചു. അഴിമതിക്കാരനായ മുൻ ചെയർമാന്റെ ഭാര്യയെ ചെയർപേഴ്സൺ ആകുന്നതിനോട് യോജിക്കില്ല എന്ന നിലപാട് സ്വീകരിച്ച ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ രജനി പ്രദീപനൊപ്പം നിലകൊണ്ടു. 16 കോൺഗ്രസ് കൗൺസിലർമാരിൽ 11 പേർ രജനി പ്രദീപിന് ഒപ്പമായിരുന്നു ആദ്യഘട്ടത്തിൽ. പിന്നീട് പല ഘട്ടങ്ങളിലായി ഡിസിസി നേതാക്കളുടെ ഭീഷണിയുടെയും വാഗ്ദാനത്തിന്റെയും ഭാഗമായി ഇരുവിഭാഗത്തിനും എട്ടു കൗൺസിലർമാരുടെ പിന്തുണയാണ് ഇപ്പോഴത്തെ നില.
  ‎ യുഡിഎഫ് പാർലമെന്ററി പാർടി നേതാവ് അഡ്വ. റോഷൻ നായർ, മുതിർന്ന കൗൺസിലർമാരായ അരവിന്ദാക്ഷൻ നായർ, ഏബൻ മാത്യു ഉൾപ്പെടെ നേതാക്കൾ രജനി പ്രദീപിനൊപ്പമാണ്. ഘടകകക്ഷികളായ കേരള കോൺഗ്രസിലെ മുസ്ലിം ലീഗിലെയും കൗൺസിലർമാർ ഒപ്പമുണ്ടെങ്കിലും രജനി പ്രദീപിനൊപ്പമുള്ള പിന്തുണ ഡിസിസി നേതൃത്വത്തെ അലട്ടുകയാണ്.
വിഷയം രമ്യതയിൽ തീർക്കുന്നതിന് ചർച്ച ചെയ്യുന്നതിനു വേണ്ടി ഡിസിസി ഓഫീസിൽ വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. രജനി പ്രദീപ് ഉൾപ്പെടെ ഏഴു കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തില്ല. യുഡിഎഫ് പാർലമെന്ററി പാർടി ലീഡർ അഡ്വ. റോഷൻ നായർ മാത്രമാണ് പങ്കെടുത്തത്. ഡിസിസി നേതൃത്വത്തിന്റെ വിരുദ്ധ വിഭാഗം യോഗം ബഹിഷ്കരിച്ച സന്ദർഭത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ചെയർപേഴ്സനെ രാജിവയ‌്പ്പിക്കാനുള്ള സമ്മർദമാണ് നടക്കുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top