16 November Friday

ജില്ലയെ ദുരിതമേഖലയായി പ്രഖ്യാപിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 പത്തനംതിട്ട

അപ്പർ കുട്ടനാട് അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിട്ട മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അർഹമായ ധനസഹായം ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്ന് ജില്ലാ വികസന സമിതി. ജില്ലയെ ദുരിത മേഖലയായി പ്രഖ്യാപിക്കാൻ മഴക്കെടുതി സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് നൽകുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടരുതെന്ന് വീണാജോർജ് എംഎൽഎയും ചിറ്റയം ഗോപകുമാർ എംഎൽഎയും യോഗത്തിൽ ആവശ്യപ്പെട്ടു. 
നൂറുകണക്കിന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൃഷി, റോഡുകൾ എന്നിവയും നശിച്ചിട്ടുണ്ട്. ഇത് അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അധികൃതരുടെ കൂട്ടായ പ്രയത്നം ആവശ്യമാണ്. അർഹരായവർക്കെല്ലാം സഹായധനം എത്രയും പെട്ടെന്ന് ലഭ്യമാക്കണം. എഴിക്കാട്, നീർവിളാകം, ഓതറ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇവിടെ ദുരിതം വിട്ടൊഴിഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഇവിടെ മെഡിക്കൽ ക്യാമ്പ് അടക്കമുള്ള സംവിധാനം ഒരുക്കണമെന്നും വീണാ ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. 
ഐരാണിക്കുഴിയിലെ ഇറിഗേഷൻ വകുപ്പിന്റെ ഷട്ടർ തുറക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ദീർഘവീഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണം. മഴക്കാലം കഴിഞ്ഞാൽ ഉടൻ കൊടുമൺ ഒറ്റത്തേക്ക്, അടൂർ ശാസ്താംകോട്ട റോഡ്, കല്ലുകുഴി മലനട റോഡ്, ആനയടി കൂടൽ തുടങ്ങി തകർന്നു കിടക്കുന്ന എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. 
ജില്ലയിലെ തകർന്ന റോഡുകളുടെ നിർമാണത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് രാജു ഏബ്രഹാം എംഎൽഎ ആവശ്യപ്പെട്ടു. വനഭൂമിയോട് ചേർന്നുള്ള വസ്തുവിന് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് അനുവദിക്കുന്നതിൽ റവന്യൂ അധികൃതർ നടത്തുന്ന മെല്ലെപ്പോക്ക് സമീപനം മാറ്റണമെന്നും ഇത്തരം പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എംഎൽഎ പറഞ്ഞു. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ 47 ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കുന്നതിന് പന്നിവേലിച്ചിറ ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തണം. കൂടംകുളം വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് വീടുകൾ, മരങ്ങൾ എന്നിവയ്ക്കും ടവർ നിർമിക്കുന്നതിനുള്ള സ്ഥലത്തിനുമുള്ള കോമ്പൻസേഷൻ സർക്കാർ നിശ്ചയിച്ച പ്രകാരം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും എംഎൽഎ പറഞ്ഞു. തിരുവല്ല ആർഡിഒ ടി കെ വിനീത്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top