20 September Thursday

'നമ്മുടെ തിരുവല്ല' വാട്സാപ്പ് കൂട്ടായ്മ 10 പേർക്ക് വീട് നിർമിച്ചുനൽകും

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

 

തിരുവല്ല
വാട്സാപ്പ് കൂട്ടായ്മയായ 'നമ്മുടെ തിരുവല്ല'യുടെ നേതൃത്വത്തിൽ രൂപീകരിച്ച ചാരിറ്റബിൾ സൊസൈറ്റി പത്ത് ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നെടുംപറമ്പിൽ ഗ്രൂപ്പ് ഉടമ എൻ എം രാജു സൗജന്യമായി വിട്ടുനൽകിയ ഏഴുപത് സെന്റ് സ്ഥലത്താണ് പത്ത് വീടുകൾ നിർമിക്കുന്നത്. 
  ഓരോ വീടിനും അഞ്ച്  ലക്ഷം രൂപ വീതം ചെലവിടും. അഭ്യുദയകാംഷികളുടെ സംഭാവനയിലൂടെയാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. ഇതുവരെ ഏഴ് വീടുകൾക്കുള്ള തുക സമാഹരിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി. ശനിയാഴ്ച ഹോട്ടൽ എലൈറ്റിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുൻമന്ത്രി കെ എം മാണി ഭവനപദ്ധതി ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ വലിയ മെത്രാപോലീത്താ മാർ ക്രിസോസ്റ്റം, ജില്ലാ കലക്ടർ പി ബി നൂഹ് എന്നിവർ പ്രഭാഷണം നടത്തും.  
  2015ൽ ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പാണ് പിന്നീട് സൊസൈറ്റിയായി രൂപീകരിച്ചത്. 900 അംഗങ്ങൾ സൊസൈറ്റിയിലുണ്ട്. നഗരത്തിലെ ഹോട്ടലുകളുമായി സഹകരിച്ച് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ വിശപ്പുരഹിത തിരുവല്ല, നിർധനരുടെ വീടുകളിൽ എല്ലാ മാസവും പലവ്യഞ്ജനങ്ങൾ എത്തിക്കുന്ന പദ്ധതി എന്നിവ നടത്തിവരുന്നുണ്ട്. 25 നിർധന യുവതികൾക്ക് അരലക്ഷം രൂപ വീതം വിവാഹസഹായം നൽകുന്ന പദ്ധതി പൂർത്തിയാക്കി. അസുഖം ബാധിച്ച് വീട്ടിൽകഴിയുന്ന പാവപ്പെട്ടവർക്ക് ഡോക്ടർമാരുടെ സേവനം വീട്ടിൽ എത്തിച്ചുനൽകുന്ന പദ്ധതിയും നടത്തിവരുന്നു. 
  പത്രസമ്മേളനത്തിൽ ഭാരവാഹികളായ അഡ്വ. കുരുവിള വർഗീസ്, വിനോദ് സെബാസ്റ്റ്യൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ജോബി ജോൺ പോത്തിരിക്കൽ, വി ഉണ്ണികൃഷ്ണൻ, അപ്പുജോസഫ് ചാക്കോ, മാത്യൂസ് എ ജേക്കബ് എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top