24 September Monday

അമരക്കാരനായി നിന്ന് പ്രതിബന്ധങ്ങളെ നേരിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആഹാരസാധനങ്ങൾ സംഭരിക്കുന്ന പത്തനംതിട്ട അഴൂരിലെ മേരി മാതാ സ്കൂളിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിൽ സന്ദർശനം നടത്തുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ ബി രാജീവ് കുമാറും

 പത്തനംതിട്ട

പ്രളയഭൂമിയിൽ അതിജീവനത്തിനായി പാടുപെട്ടവർക്ക് കൈത്താങ്ങ് ആകാനും ദുരിതാശ്വാസ ക്യാമ്പുകളൊരുക്കി അവർക്ക് അഭയം ഒരുക്കാനും ഒടുവിൽ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആവശ്യമായതൊക്കെ ഒരുക്കി, തകർന്ന മനസുകളിൽ പ്രതീക്ഷകളുടെ വെളിച്ചം കൊളുത്താനും മുന്നിൽ ഉണ്ടായിരുന്ന  പാർടി പ്രവർത്തകർക്ക് അമരക്കാരനായി നിന്നത് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. 
പ്രളയദിനങ്ങളിലും തുടർന്നും രാവും പകലും വിശ്രമമില്ലാതെ ഓരോ കേന്ദ്രത്തിലുമെത്തി പ്രവർത്തകരെ കണ്ടും അവർക്ക് ആത്മവിശ്വാസം പകർന്നും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും അദ്ദേഹം ഏകോപിപ്പിച്ചു. 
സർക്കാർ 14ന് മുൻകരുതൽ സുചന നൽകിയപ്പോൾ തന്നെ  എല്ലാ ഏരിയ സെക്രട്ടറിമാർക്കും മുന്നറിയിപ്പ് നൽകി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി. പന്തളം ചേരിക്കൽ പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിക്കാൻ മുൻകരുതലെടുക്കുന്നതിന് മുന്നിൽനിന്ന് പ്രവർത്തിച്ചു. അടുത്ത ദിവസം രാവിലെ പ്രളയജലം സർവതും തകർത്തെത്തിയ അപകടകരമായ സന്ദർഭത്തിൽ വെള്ളത്തിൽപ്പെട്ടവരെയും വീടുകളിൽ കുടുങ്ങിയവരെയും രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളികളാകാൻ പാർടി അംഗങ്ങൾക്ക് നിർദേശം നൽകി അവരോടൊപ്പം മുന്നിലുണ്ടായിരുന്നു. ആറന്മുളയിലെ എഴിക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താൻ ബോട്ടുകൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം അതീവ ജാത്രയോടെയുളള പ്രവർത്തനമാണ് നടത്തിയത്. 
ബോട്ടുകളും വള്ളങ്ങളും സംഘടിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തി കൂടുതൽ പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഉദയഭാനുവിന്റെ സംഘാടക മികവുകൂടിയാണ്. 17ന് പത്തനംതിട്ടയിൽ എത്തിയ ബോട്ടുകൾ കുടുങ്ങിയപ്പോൾ നേരിട്ട് പന്തളത്തെത്തി അതുവഴി മറ്റു ഭാഗങ്ങളിലേക്ക് കടത്തി വിട്ടു.ഇത്തരത്തിൽ 40 ബോട്ടുകൾ എത്തിക്കാൻ കഴിഞ്ഞു. വെള്ളമെടുത്തു പോകുമായിരുന്ന ആയിരങ്ങളെയാണ് ഇതുവഴി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ക്യാമ്പുകളിൽ എത്തിയ ആയിരങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും വസ്ത്രങ്ങളും എത്തിക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. ക്യാമ്പുകളുടെ എണ്ണം കൂടിയതോടെ ഭക്ഷണം ഉൾപ്പെടെ കൂടുതൽ പേരിൽ എത്തിക്കേണ്ട ഉത്തരവാദിത്വം ഉണ്ടായി. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽനിന്നെത്തിയ അരിയും മറ്റും സൂക്ഷിക്കാൻ അടൂരിൽ സംഭരണ കേന്ദ്രം തുറന്ന് അവിടെ എത്തിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ വിറകും സംഘടിപ്പിച്ചു.
പ്രളയം മായ്ച്ചു കളഞ്ഞ ആശകളും ആഹ്ലാദങ്ങളും തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. സ്വന്തമെന്ന് പറയാനുണ്ടായിരുന്നതെല്ലാം കലിയിളകിയ കാലവർഷം കവർന്നെടുത്തപ്പോൾ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചുപോയ ജീവിതങ്ങൾക്കിടയിൽ ആശ്വാസമായി പ്രവർത്തകർക്കൊപ്പം എത്തി.  അവർക്കായി ഭക്ഷണം ഒരുക്കാനും വിളമ്പാനും മുന്നിൽനിന്നു. 
വെള്ളം ഇറങ്ങിയതോടെ പൊതുസ്ഥലത്തെയും വീടുകളിലെയും മാലിന്യം മാറ്റി ശുചിയാക്കാനും കിണറുകളുൾപ്പെടെയുള്ള ന്നുജലസ്രോതസ്സുകൾ വൃത്തിയാക്കാനും പ്രവർത്തകർക്ക് വിവിധ കേന്ദ്രങ്ങളിലെത്തി നേതൃത്വം നൽകി. 
വീടുകളിലേക്ക് മടങ്ങുന്നവർക്ക് ആവശ്യമായ അരിയും മറ്റ് അവശ്യവസ്തുക്കളുമടങ്ങുന്ന കിറ്റ് തയാറാക്കാൻ 70,000 കിലോ അരിയാണ് എത്തിച്ചത്. ഇതോടൊപ്പം ആവശ്യമായ പലവ്യഞ്ജന സാധനങ്ങളും എത്തിക്കാൻ കഴിഞ്ഞു.
തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തിയ മുന്നൂറിൽ അധികം പ്രവർത്തകർക്കും ആനാവുർ നാഗപ്പന്റെ നേതൃത്വത്തിൽ എത്തിയ നാനൂറ്റിയമ്പതോളം വരുന്ന ഇലക്ട്രിഷ്യൻ, പ്ലംബർ, മേസ്തിരി, ആശാരിമാർ തുടങ്ങിയ സാങ്കേതിക പ്രവർത്തകർക്കും മാർഗനിർദേശം നൽകാൻ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
വീണ്ടെടുപ്പിന്റെയും അതിജീവനത്തിന്റെയും അനിവാര്യത അറിയിച്ച് അതിനുള്ള ആത്മവിശ്വാസം പകർന്ന് ഓണനാളകളിലും അവർക്കൊപ്പം ക്യാമ്പുകൾ തോറും കയറിയിറങ്ങുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top