26 September Wednesday

വീണ്ടെടുപ്പിനും റാന്നി മോഡൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

 റാന്നി

വെള്ളപ്പൊക്കം താണ്ഡവമാടിയ റാന്നിയുടെയും പരിസര പ്രദേശങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയാകുന്നു. വെള്ളം ഇറങ്ങിയാൽ ഉടനേ നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റി രാജു ഏബ്രഹാം എംഎൽഎയ്ക്ക് നിശ്ചയമുണ്ടായിരുന്നു. 
തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീനെ വിളിച്ച് പഞ്ചായത്തിന്റെ തനതുഫണ്ടും പ്ലാൻ ഫണ്ടും ദുരിതാശ്വാസത്തിൽ ഉപയോഗിക്കാൻ കഴിയണം എന്നതായിരുന്നു എംഎൽഎയുടെ ആദ്യഅഭ്യർഥന. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി 16ന് തന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ ഉത്തരവിറക്കി. നാലടിവരെ ഉയരത്തിൽ ചേറും മണ്ണും കയറിമൂടിയ നിലയിലായിരുന്നു നാടെങ്ങും. 
പൊതുമരാമത്ത് റോഡുകളിലെ ചേറും മണ്ണും നീക്കം ചെയ്യാൻ ടെൻഡർ നടപടികൾ ഒഴിവാക്കാൻ നിർദ്ദേശം നൽകണം എന്നായിരുന്നു മന്ത്രി ജി സുധാകരന് മുന്നിൽ എംഎൽഎ വച്ച നിർദേശം. ഒട്ടുംവൈകാതെ ചീഫ് എൻജിനീയർക്ക് മന്ത്രിയുടെ നിർദ്ദേശം പോവുകയും പണി ആരംഭിക്കുകയും ചെയ്തു. ചെളിമാറ്റിയ റോഡുകൾ കഴുകി വൃത്തിയാക്കാൻ അഗ്നിശമന സേനയുടെ സഹായം വേണം എന്നതായിരുന്നു എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടത്. ഇതിന് ഫയർഫോഴ്സ് ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 
റേഷൻ കടകൾ പലതും വെള്ളം മുങ്ങിപ്പോയിരുന്നു. മെഷീനുകൾ കേടായ നിലയിലായിരുന്നു. ഭക്ഷ്യമന്ത്രി തിലോത്തമന്റെ മുമ്പിൽ പ്രശ്നം അവതരിപ്പിച്ചപ്പോൾ തന്നെ നാൾവഴി ബുക്കിൽ എഴുതിവാങ്ങുന്നവരുടെ ഒപ്പിട്ട് സ്റ്റോക്കുള്ള അരിയും സാധനങ്ങളും ഉടൻ നൽകാൻ അന്നുതന്നെ നടപടി സ്വീകരിച്ചു. മുങ്ങിപ്പോയ കടകൾക്ക് സമീപമോ കടയിലെ വെള്ളം ഇറങ്ങിയാൽ ഉടൻതന്നെ അവിടെത്തന്നെയോ പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകി. 
സപ്ലൈകോ മൊബൈൽ മാവേലിസ്റ്റോർ പ്രത്യേക യൂണിറ്റുകൾ സർവീസ് നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം നഗരസഭാ മേയർ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി എന്നിവരുടെ നേതൃത്വത്തിൽ 360 ൽ അധികം ശുചീകരണ തൊഴിലാളികളെയും ജീവനക്കാരെയും ഉൾപ്പെടുത്തി റാന്നിയിൽ രണ്ട് ദിവസം നടത്തിയ ശുചീകരണ പ്രവർത്തനങ്ങളായിരുന്നു നാടിന് പുതിയ മാതൃകയായത്. മന്ത്രി തോമസ് ഐസകിന്റെ പിഎ അജിത്തിന്റെ നേതൃത്വത്തിലാണ് ഇവരെത്തിയത്. പിന്നീട് സ്കൂൾ കോളേജ് വിദ്യാർഥികളും എരുമേലി, കാഞ്ഞിരപ്പള്ളി, ഇരാറ്റുപേട്ട മേഖലകളിലെ വൈദികരുടെ നേതൃത്വത്തിലും ആയിരങ്ങളെത്തിശുചീകരണം നടത്തി. 
ഡിവൈഎഫ്ഐയുടെ പ്രവർത്തനമായിരുന്നു ഏറ്റവും മാതൃകാപരം. അങ്ങാടി, പഴവങ്ങാടി, റാന്നി പഞ്ചായത്തുകളിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി എം ആർ വൽസകുമാറിന്റെ നേതൃത്വത്തിൽ 17ന് വെള്ളം ഇറങ്ങിയപ്പോൾ തന്നെ നീക്കം ചെയ്തു. കോട്ടയം ജില്ലയിൽനിന്ന് 250 ഡിവൈഎഫ്ഐ വളന്റിയർമാർ എത്തിയതോടെ റാന്നി ടൗണിനെ വിഴുങ്ങിയ ചേറും മണ്ണും മാറാൻ തുടങ്ങി. അമിറ്റി, കാവുങ്കൽ, കണ്ണന്താനം ക്രഷർ യൂണിറ്റുകളാണ് ചെളിനീക്കാനുള്ള വാഹനങ്ങൾ നൽകി സഹായിച്ചത്. പിന്നീട് എഐവൈഎഫ് കൊല്ലം ജില്ലാ കമ്മിറ്റി, പൊലീസ്, ഫോറസ്റ്റ്, ഇലക്ട്രിക്കൽ വയർമെൻ അസോസിയേഷൻ, ഹെഡ്ലോഡ് യൂണിയൻ (സിഐടിയു) സ്റ്റുഡൻസ് പൊലീസ് തുടങ്ങി നൂറുകണക്കിന് സംഘടനകളുടെ ശുചീകരണ പ്രവർത്തനങ്ങൾ റാന്നിയിൽ ഏകോപിപ്പിക്കാനായി. സിപിഐ എം തിരുവനന്തപുരം ‐ കൊല്ലം ജില്ലാ കമ്മിറ്റികൾ എത്തി 1000 വളന്റിയർമാരും പ്രൈവറ്റ് ബിൽഡേഴ്സ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ എത്തിച്ച 500 വിദഗ്ധ തൊഴിലാളികളും ചേർന്ന് റാന്നിയിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top