22 September Saturday

സർവതും നഷ്ടപ്പെട്ട് ദുരിതബാധിതർ...

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

വെള്ളംകയറി നശിച്ച ഫ്രിഡ്ജും ഉപകരണങ്ങളും വീടിനുപുറത്ത് ഉപേക്ഷിച്ച നിലയിൽ. തിരുമൂലപുരം മംഗലശേരി കോളനിയിലെ ഒരു കാഴ്ച

 തിരുവല്ല

ദുരിതക്കയത്തിൽനിന്നും അഭയകേന്ദ്രങ്ങളിലെത്തിയവർ തിരികെ വീടുകളിൽ എത്തിയപ്പോൾ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ചകൾ... മലവെള്ളപാച്ചിലിൽനിന്ന് രക്ഷതേടി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിവർ മടങ്ങി വന്നപ്പോഴാണ് സർവതും നഷ്ടപ്പെട്ട കാഴ്ചകൾ കണ്ടത്. ചെളിനിറഞ്ഞ വീടിനുള്ളിൽ പാമ്പും അട്ടയും...വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചനിലയിലും.  
 ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ച തിരുവല്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ കാഴ്ചകൾ ദയനീയമാണ്...വീടിനുള്ളിൽ ഉയർത്തിവച്ചിരുന്ന ഫ്രിഡ്ജ്, ടിവി, വാഷിങ്മെഷീൻ, ഇൻഡക്ഷൻ കുക്കർ, ഹോംതിയേറ്റർ, കട്ടിൽ, മെത്ത, തുണികൾ തുടങ്ങിയവയെല്ലാം താഴെവീണ് ദ്രവിച്ചുതുടങ്ങിയ നിലയിലാണ്. ഒരാഴ്ചയിലേറെ വെള്ളംകെട്ടിനിന്നത് നാശനഷ്ടങ്ങളുടെ ആഘാതം വർദ്ധിപ്പിച്ചു. നിരവധി വീടുകൾക്ക് വിള്ളലുണ്ടായി. അടിത്തറകളിൽ കുഴികൾ രൂപപ്പെട്ടു. വീടിനോട് ചേർന്നുള്ള ശൗചാലയങ്ങൾ ഇടിഞ്ഞുവീണു. കിണറുകളിൽ മാലിന്യങ്ങളും ചെളിയും നിറഞ്ഞിരിക്കുന്നു. ഓരോ വീട്ടിലും പതിനായിരത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
  ഒടുവിൽ വീടും പരിസരവുമെല്ലാം വൃത്തിയാക്കാൻ ഏറെ പണിപെടേണ്ടി വന്നു. ഡാമുകളുടെ ഷട്ടർ തുറന്ന് നദികളിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതായുള്ള വാർത്തകൾ ഇവരുടെ ഭീതി വർദ്ധിപ്പിക്കുകയാണ്. വീണ്ടുമൊരു വെള്ളപ്പൊക്ക കെടുതി നേരിടാനുള്ള മാനസീകാവസ്ഥയിലല്ല സർവതും നഷ്ടമായ ഇവർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top