26 September Wednesday

പ്രളയം തകർത്ത പത്തനംതിട്ടയ്ക്ക് ലോട്ടറി ഭാഗ്യം സമ്മാനിച്ച് കുമാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

കുമാർ ലോട്ടറി വിൽപ്പനയിൽ

 പത്തനംതിട്ട

കനത്ത മഴയിൽ സർവതും നഷ്ടപെട്ട പത്തനംതിട്ട òജില്ലയിലേക്ക് കേരള സർക്കാരിന്റെ നിർമൽ ലോട്ടറി ഒന്നാം സമ്മാനം സമ്മാനിച്ച് കുമാർ. അഴൂർ സ്വദേശിയും പത്തനംതിട്ട ടൗണിൽ ലോട്ടറി വിൽപ്പനക്കാരനുമായ എസ് കുമാർ വിറ്റ നിർമൽ ഭാഗ്യക്കുറിയുടെ 82ാമത് നറുക്കെടുപ്പിൽ 60 ലക്ഷം രൂപയാണ് പത്തനംതിട്ട ജില്ലയിൽ അടിച്ചത്. പ്രളയക്കെടുതികളെ തുടർന്ന് 17ാം തീയതി നറുക്കെടുക്കേണ്ട ലോട്ടറി കഴിഞ്ഞ 24നാണ് നറുക്കെടുത്തത്. കുമാർ വിറ്റ എൻ ജെ 428599 ടിക്കറ്റിനായിരുന്നു സമ്മാനം. സമ്മാനർഹനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഓമല്ലൂർ,  പ്രക്കാനം സ്വദേശിക്കാണ് അടിച്ചതെന്നാണ് കുമാറിന്റെ സംശയം. എന്നാൽ ഇദ്ദേഹം ഇത് വെളിപ്പെടുത്തിയിട്ടില്ല. 
കനത്ത മഴയെ തുടർന്ന് കുമാറിന്റെ വീടിരിക്കുന്ന പ്രദേശം ടൗണിൽ നിന്ന് ഒറ്റപ്പെട്ടിരുന്നു. റോഡിൽ രണ്ടാൾ വെള്ളം പൊങ്ങയതിനെ തുടർന്ന് അഞ്ച് ദിവസത്തോളം ലോട്ടറി വിൽപ്പനയ്ക്കെത്താൻ സാധിച്ചില്ല. പ്രളയക്കെടുതിയെ തുടർന്ന് ലോട്ടറി നറുക്കെടുപ്പുകൾ സർക്കാർ നീട്ടിവെച്ചതാണ് കുമാറിന് തുണയായത്. 26 വർഷമായി പത്തനംതിട്ടയിൽ ലോട്ടറി വിൽപ്പനക്കാരാനായ കുമാറിന് ആദ്യമായാണ് ഒന്നാം സമ്മാനം താൻ വിറ്റ ടിക്കറ്റിന് ലഭിക്കുന്നത്. 
കൊല്ലം സ്വദേശിയായ കുമാർ പത്തനംതിട്ട ട്രിനിറ്റി കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയിരിക്കെ തുടങ്ങിയതാണ് ലോട്ടറി കച്ചവടം. 2006ൽ പെരിയാർ ലോട്ടറിയുടെ മൂന്ന് ഒന്നാം സമ്മാനങ്ങളിൽ ഒന്നായ ഏഴ് ലക്ഷം രൂപയും കുമാർ വിറ്റ ടിക്കറ്റിനായിരുന്നു.  2017 നവംബറിൽ രണ്ടാം സമ്മാനമായ രണ്ട് ലക്ഷം രൂപയും കുമാർ വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. പത്തനംതിട്ട സ്റ്റാറ്റ്യു ജങ്ഷനിൽ എവർഗ്രീൻ ഹോട്ടലിന് സമീപമാണ് കുമാറിന്റെ ലോട്ടറി കച്ചവടം. വലിയ ഏജൻസികൾ കടമുറികളിൽ ലോട്ടറി കച്ചവടം തുടങ്ങിയതും, ലോട്ടറി ഏജന്റുമാരുടെ എണ്ണം വർധിച്ചതും വിൽപ്പനയിൽ കാര്യമായ കുറവുണ്ടാക്കിയെന്ന് കുമാർ പറയുന്നു. 
വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിൽപ്പന തീരെ കുറവായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ലോട്ടറി സമ്മാനങ്ങൾ   പുനക്രമീകരിച്ചതും വില ഏകീകരിച്ചതും ഒരു പരിധിവരെ വിൽപ്പന വർധിക്കാൻ കാരണമായിട്ടുണ്ട് കുമാർ പറഞ്ഞു. ഒന്നാം സമ്മാനത്തിന്റെ കമ്മീഷൻ ലഭിക്കുമ്പോൾ വിൽപ്പന അൽപ്പം വിപുലീകരിക്കണമെന്നും ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുമാണ് കുമാറിന്റെ തീരുമാനം. നളിനിയാണ് ഭാര്യ. ഏകമകൻ ശ്രീജിത്ത് മേരിമാതാ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥിയാണ്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top