20 November Tuesday

രക്ഷാപ്രവർത്തനത്തിലെ ഐക്യം ഇനി ദുരിതാശ്വാസത്തിന്: മന്ത്രി മാത്യു ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 പത്തനംതിട്ട

ജില്ലയിലുണ്ടായ ഏറ്റവും വലിയ പ്രളയ ദുരന്തത്തിൽ  ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കാട്ടിയ ഐക്യം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നിലനിർത്തണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങളിൽ ഒരേ മനസ്സോടെയാണ് ജില്ലയിലെ സർക്കാർ സംവിധാനങ്ങളും സന്നദ്ധസംഘടനകളും  മറ്റ് വിവിധ ഏജൻസികളും പ്രവർത്തിച്ചത്. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനങ്ങളുടെ വലിയ ഐക്യം ദുരന്തത്തെ നേരിടുന്നതിന് രൂപപ്പെട്ടു. ഈ ഐക്യം തുടർപ്രവർത്തനങ്ങളിലും ഉണ്ടാകണം.
സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജില്ലയെ പൂർവ സ്ഥിതിയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ മനസ്സോടെയാണ് ദുരന്തത്തെ നേരിടുന്നതിന് പ്രവർത്തിച്ചത്. മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും വലിയ സഹായം ഉണ്ടായി. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിലും വിവിധ സ്ഥലങ്ങളിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണത്തെ അറിയിക്കുന്നതിലും  മാധ്യമ പ്രവർത്തകർ കാട്ടിയ ജാഗ്രത ഏറെ ശ്ലാഘനീയമാണ്. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എത്തിയ 68 മത്സ്യബന്ധന ബോട്ടുകളുടെയും ഇവയിലെ 272 തൊഴിലാളികളുടെയും സേവനം ജില്ലയ്ക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിൽ ഇവർ വഹിച്ച പങ്ക് ഏറെ വലുതാണ്. ആർമിയുടെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും ഐടിബിപിയുടെയും വിഭാഗങ്ങളും എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ്, സ്കൂബ ടീം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഫയർഫോഴ്സ്, പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ 1,580 സേനാംഗങ്ങളാണ് ഏഴ് ദിവസം നീണ്ട രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്. ഇനി ശുചീകരണത്തിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുനരധിവാസത്തിനുമായിരിക്കും ശ്രദ്ധ ചെലുത്തുകയെന്നും മന്ത്രി പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top