19 November Monday
ഡാമുകൾ ജലസമൃദ്ധം

കക്കിയിൽ ജലനിരപ്പ് 80 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

 ചിറ്റാർ 

ഇടമുറിയാതെ പെയ്യുന്ന പേമാരിയിൽ ജലവൈദ്യുതി നിലയത്തിനായി പണിത ഡാമുകൾ എല്ലാം ജലസമൃദ്ധമായി കഴിഞ്ഞു. ശബരിഗിരി പദ്ധതിക്കായി നിർമിച്ച ഈ സംഭരണികളിലെല്ലാം മുൻ വർഷത്തെ അപേക്ഷിച്ച് നാലിരട്ടി വെള്ളമുണ്ട്. 
കഴിഞ്ഞവർഷം ഇതേസമയം പ്രധാന ജലസംഭരണിയായ കക്കിയിൽ സംഭരണശേഷിയുടെ 21.51 ശതമാനം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു. എന്നാൽ ഞായറാഴ്ച 80.02 ശതമാനമാണ് കക്കിയിലെ ജലനിരപ്പ്. കക്കി ഡാമിൽ സംഭരിച്ച ജലം മൂഴിയാർ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെനിന്ന് പുറംതള്ളുന്ന വെള്ളം തടഞ്ഞുനിർത്തുന്ന ജോലി നിർവഹിക്കുന്നത് മൂഴിയാർ ഡാമാണ്. 
ഈ ഡാമിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന തുരങ്കം വഴി ഗതി തിരിച്ചുവിടുന്ന വെള്ളം  സീതത്തോട്ടിൽ എത്തിച്ച് കക്കാട് ജലവൈദ്യുതി നിലയം പ്രവർത്തിപ്പിക്കുന്നു. 25 മെഗാവാട്ട് ഉൽപാദനശേഷിയുള്ള രണ്ട് ജനറേറ്ററും വിശ്രമമില്ലാതെ കക്കാട് പ്രവർത്തിക്കുന്നു. ഇതേ വെള്ളം ഉപയോഗിച്ച് അള്ളുങ്കൽ ഇഡിസിഎൽ എന്ന സ്വകാര്യ കമ്പനിയുടെ നിലയത്തിൽ 7.50 മെഗാവാട്ട് വൈദ്യുതിയും ഈ കമ്പനിയുടെ തന്നെ കാരികയം മുതലവാരത്തെ നിലയത്തിൽ 15 മെഗാവാട്ട് ശേഷിയുള്ള മൂന്നു ജനറേറ്ററും പ്രവർത്തിക്കുന്നു. മുതലവാരത്ത് സമുദ്രനിരപ്പിൽ നിന്ന് 49 മീറ്ററും അള്ളുങ്കൽ 59 ഉം മണിയാറ് 29 ഉം ആണ് ഡാമുകളുടെ ഉയരം ഇവയെല്ലാം നിറഞ്ഞു.
കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുതി നിലയമായ മണിയാർ കാർബോറാണ്ടത്തിൽ 12 മെഗാവാട്ടിന്റെ ഉൽപാദനം നടക്കുന്നതും ശബരിഗിരി പുറംതള്ളുന്ന ജലത്തിൽ നിന്നാണ്.ഇവിടെ ജലനിരപ്പ് ഉയർന്നതിനാൽ ചില ഷട്ടറുകൾ തുറന്നു വിടുന്നുണ്ട്. കെഎസ്ഇബി നേരിട്ട് നടത്തുന്ന റാന്നി പെരുനാട് വൈദ്യുതി നിലയത്തിൽ നാല് മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള ജനറേറ്ററും പ്രവർത്തിക്കുന്നു.
 
.
പ്രധാന വാർത്തകൾ
Top