14 November Wednesday

ഒഴുക്കിൽപ്പെട്ട് വനത്തിനുള്ളിൽ ഒരു രാത്രി കുടുങ്ങിയ വൃദ്ധനെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

 ചിറ്റാർ

പമ്പാനദിയിൽ കുളിക്കാനിറങ്ങവെ കാൽവഴുതി അര കിലോമീറ്റർ ദൂരം ഒഴുകിപ്പോയി വനത്തിനുള്ളിൽ ഒരു രാത്രി കുടുങ്ങിയ വൃദ്ധനെ പമ്പ പൊലിസ് കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി സുനിതാ നിവാസിൽ പ്രഭാകര പണിക്കരെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിയോടെ പമ്പയിലെ കുളിക്കടവിൽ ഒരു ബാഗും ഷർട്ടും മുണ്ടും കിടക്കുന്നത്  കണ്ട് സംശയം തോന്നിയ തൊട്ടടുത്ത് കച്ചവടം നടത്തുന്ന രാജൻ എന്ന ആളാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഇതേ തുടർന്ന് ശനിയാഴ്ച രാവിലെ പൊലിസ് തെരച്ചിൽ നടത്തവെയാണ് കാട്ടിൽ വൃദ്ധനെ കണ്ടത്. താൻ ഒഴുക്കിൽ അകപ്പെട്ടെന്നും ഏറെ ദൂരം ചെന്നപ്പോൾ ആറ്റരുകിലേക്ക് പടർന്നു കിടന്ന വളളിയിൽ പിടിച്ച് കരയ്ക്ക് കയറിയെന്നും പ്രഭാകര പണിക്കർ പറഞ്ഞു.രാത്രിയിൽ വെളിച്ചമില്ലാതെ ദിശയറിഞ്ഞില്ല. മറ്റെങ്ങും പോകാനാകാതെ കാട്ടിൽ തന്നെ  കഴിച്ചുകൂട്ടി. ഹിംസ്ര ജന്തുക്കൾ ഉള്ള സ്ഥലമാണിത്. 
പൊലീസ് വിവരം അറിച്ചതിനെ തുടർന്ന് മകൻ ഗോപൻ, സഹോദരൻ വിജയൻ എന്നിവർ പമ്പ സ്റ്റേഷനിൽ എത്തി പ്രഭാകര പണിക്കരെ വീട്ടിലേക്ക് കൊണ്ടുപോയി. പമ്പ സിഐ  കെ എസ് വിജയന്റെ നേതൃത്വത്തിൽ എസ്ഐ സുരേഷ് ബാബു, എഎസ്ഐമാരായ മോഹൻലാൽ, സാജൻ പീറ്റർ, സിപിഒ മാരായ രജിൻ എസ് നായർ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തിയത്.
 
 
പ്രധാന വാർത്തകൾ
Top