19 September Wednesday

ആരോരുമറിയാതെ കാടുമൂടി പമ്പയിലേക്ക് എളുപ്പവഴി

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

 ചിറ്റാർ 

എരുമേലി‐ പമ്പ റോഡിൽ പമ്പാവാലി, തുലാപ്പള്ളി, കിസുമം വഴി അട്ടത്തോട് ആറ്റുതീരത്തുകൂടി പമ്പാ ഹിൽടോപ്പിൽ 15 കിലോമീറ്റർ കൊണ്ട് എത്താൻ കഴിയുന്ന എളുപ്പവഴി അധികൃതരുടെ ശ്രദ്ധ എത്താതെ കാടുമൂടി കിടക്കുന്നു. 
റാന്നി പെരുനാട് പഞ്ചായത്തിൽ എട്ടാം വാർഡ് കിസുമം എന്ന സ്ഥലത്തു നിന്നാണ് ഈ കാട്ടുപാത ആരംഭിക്കുന്നത്. തുലാപ്പള്ളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ പ്രധാന റോഡ് കിസുമം വരെയുണ്ട്. ഇവിടെ നിന്ന് അട്ടത്തോട് ആറ്റുതീരം വരെ ഏകദേശം ഏഴു കിലോമീറ്റർ കൂപ്പ്റോഡ് ആണ്. ഈ ഭാഗം മുതൽ അഞ്ച് കിലോമീറ്റർ വനമേഖലയിലൂടെ റോഡ് നിർമിക്കാനുണ്ട്. ഈ റോഡ് പൂർത്തിയാക്കിയാൽ തുലാപ്പള്ളിയിൽ നിന്ന് 15 കിലോമീറ്റർ ദൂരം മാത്രം ഓടി വാഹനങ്ങൾക്ക് പമ്പ ഹിൽടോപ്പിൽ എത്താം. നിലവിൽ തുലാപ്പള്ളി മുതൽ പമ്പ വരെ നിലയ്ക്കൽ വഴി 30 കിലോമീറ്റർ ദൂരമുണ്ട്. നിലയ്ക്കൽ നിന്ന് അട്ടത്തോട് വഴി കടന്നുവരുന്ന തിരുവാഭരണ ഘോഷയാത്ര മരുതിച്ചുവടു മുതൽ പമ്പാമ്പാനദിയുടെ ഓരത്തുകൂടിയുള്ള ഈ റോഡുവഴി സഞ്ചരിച്ചാണ് വലിയാനവട്ടത്തേക്ക് പോകുന്നത്. 
ശബരിമല തീർഥാടനകാലത്ത് പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ, ചാലക്കയം, പമ്പ വരെയുള്ള മണിക്കൂറുകൾ നീളുന്ന വാഹന ബ്ലോക്ക് ഒഴിവാക്കാനും ഈ ഭാഗത്ത് മണ്ണിടിച്ചിലോ മരം വീഴ്ചയോ ഉണ്ടായാൽ വേഗത്തിൽ പുറംലോകത്ത് എത്താനും ഈ വഴി ഉപകരിക്കും.
വനംവകുപ്പ് ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഈ റോഡ് പണി പൂർത്തീകരിക്കാൻ കഴിയും. അങ്ങനെ വന്നാൽ പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കിസുമം ഭാഗത്തുള്ള കുടിയേറ്റ കർഷകർക്കും കോളനിക്കാർക്കും എരുമേലി വഴി എത്തുന്ന തീർഥാടകർക്കും ഏറെ ഗുണം ലഭിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top