19 November Monday

തുരുത്തിൽ കുടുങ്ങിയ അച്ഛനും മകളും പുറംലോകം കണ്ടത് 6‐ാം നാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 പത്തനംതിട്ട

പുറംലോകവുമായി ബന്ധമില്ലാതെ തുരുത്തിൽ കുടുങ്ങിപ്പോയ അച്ഛനെയും മകളെയും ആറാം ദിവസം കണ്ടെത്തിയത് ബിന്നിയും കൂട്ടുകാരും. തിരുമൂലപുരം സെന്റ് തോമസ് സ്കൂളിലെ അധ്യാപകൻ തോമസും 12 വയസുള്ള മകളുമാണ് തിരുവല്ല കുറ്റൂർ‐ മനയ്ക്കച്ചിറ റോഡിൽനിന്ന് മൂന്നു കിലോമീറ്റർ മാറി വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലെ വീട്ടിൽ ഒറ്റപ്പെട്ടുപോയത്. റെയിൽവേയിലെ ഓഫീസ് സൂപ്രണ്ട് കെ എസ് ബിന്നിയുടെ നേതൃത്വത്തിൽ മുങ്ങൽവിദഗ്ധരും രണ്ട് പൊലീസുദ്യോഗസ്ഥരും  അടങ്ങിയ സംഘമാണ് മൂന്നു കിലോമീറ്റർ വെള്ളത്തിലൂടെ സഞ്ചരിച്ച് ഇവരെ രക്ഷിച്ചത്. 
തോമസിന്റെ ഭാര്യ ഇളയ മകനോടൊപ്പം ഇടുക്കിയിലെ സ്വന്തം വീട്ടിൽ പോയിരുന്നപ്പോഴാണ് പ്രളയജലം ഇവരെ ഒറ്റപ്പെടുത്തിയത്. 16 നുതന്നെ ഫോൺബന്ധം ഇല്ലാതായതോടെ ഇവർ കുടുങ്ങിയ കാര്യം മറ്റാരും അറിഞ്ഞതുമില്ല. ഇത്രയും ദിവസം ഇവരുടെ വിവരമൊന്നും ലഭിക്കാതായപ്പോൾ ഭാര്യ അറിയിച്ചതനുസരിച്ച് തോമസിന്റെ ജേഷ്ഠൻ ഫാ. വർഗീസ് തിരുവല്ല ഡിവൈഎസ്പി ഓഫീസിൽ അറിയിക്കുകയായിരുന്നു. ഇവരെ തിരുവല്ലയിലെ ദുരിതാശ്വാസ കേന്ദ്രത്തിലാക്കി. 
ബിന്നിയെകൂടാതെ അജികുമാർ, ജയകുമാർ, വി എസ് സുരേഷ്, അമൽകൃഷ്ണരാജ് എന്നീ റെയിൽവേയിലെ മുങ്ങൽ വിദഗ്ധരും തിരുവല്ല ഡിവൈഎസ്പി ഓഫീസിലെ സിപിഒമാരായ ജോൺസിയും ജഗദീഷുമാണ് രക്ഷാസംഘത്തിലുണ്ടായിരുന്നത്. 
വെള്ളത്തിൽ അകപ്പെട്ട ഒട്ടേറെ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന്റെ ചാരിതാർഥ്യവുമായി രക്ഷാദൗത്യം പൂർത്തിയാക്കി റെയിൽവേസംഘം തിങ്കളാഴ്ച മടങ്ങി. അവധിയെടുത്ത് രക്ഷാപ്രവർത്തനത്തിന് തയ്യാറായ മുങ്ങൽ വിദഗ്ധർക്ക് റെയിൽവേ ഡിവിഷൻ മാനേജർ താൽപര്യമെടുത്ത് ഡ്യൂട്ടി അനുവദിക്കുകയായിരുന്നു. വീടുകൾ വിട്ട് വരാത്തവർക്ക് ഭക്ഷണം എത്തിക്കുന്ന ചുമതലയാണ് സംഘം പ്രധാനമായും ഏറ്റെടുത്തത്.  ഇതിനിടെ വെള്ളക്കെട്ടിൽ മുങ്ങിപ്പോയ 13 കാരനെ രക്ഷിച്ചത് മറക്കാനാവാത്ത അനുഭവമാണെന്ന് ടീം ലീഡർ ബിന്നി പറഞ്ഞു. ഒരു ബിഎസ്എഫ് ഉദ്യാഗസ്ഥന്റെ മകനാണെന്നു മാത്രമേ ബിന്നി ഓർക്കുന്നുള്ളൂ. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top