Top
27
Tuesday, June 2017
About UsE-Paper

പിഞ്ചുവിനിപ്പോള്‍ എന്താ ഗമ...

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
പാപ്പാന്‍ ഹനീഫയ്ക്ക് മുത്തംകൊടുക്കുന്ന പിഞ്ചു

 കോന്നി > കോന്നി ആനക്കൂട്ടിലെ പുതുമുഖമായ  കുട്ടിക്കുറുമ്പന്‍ പിഞ്ചുവിന് ഇപ്പോള്‍ അടങ്ങിയിരിക്കാന്‍ നേരമില്ല. കുട്ടികളായ  കുട്ടികളെല്ലാംതന്നെ കാണാനെത്തുമ്പോള്‍ പിഞ്ചുവെങ്ങനെ അടങ്ങിയിരിക്കും.

കാഴ്ചക്കാര്‍ കൂടുമ്പോള്‍ അവനങ്ങ് ഗമയിലാകും.  പിന്നെ തുമ്പിക്കൈ കൂട്ടിന് വെളിയിലിട്ട് ആളുകളെ തൊടാന്‍ നോക്കും.  നടക്കാതെ വരുമ്പോള്‍ പാപ്പാന്‍ ഹനീഫയോടാണ്  ഗുസ്തി.  തുമ്പിക്കൈ കൊണ്ട് ഹനീഫയുടെ കൈചുറ്റി പിടിക്കുകയും മുഖത്ത് തുമ്പിക്കൈ മുത്തം കൊടുക്കുകയും ചെയ്യും.   പാപ്പാന്‍ എപ്പോഴും കൂടെ വേണമെന്ന നിര്‍ബന്ധവും  പിഞ്ചുവിനുണ്ട്.  ഇടക്ക്  അവനെ  തണുപ്പിക്കാന്‍ ദേഹത്ത് വെള്ളം ഒഴിച്ചുകൊടുക്കണം. അപ്പോള്‍ പിഞ്ചു അനങ്ങാതെ നിന്നുകൊടുക്കും. പാപ്പാന്‍  ഇത്തിരിനേരം വിശ്രമിക്കാന്‍ നോക്കിയാല്‍  പിന്നെ ആകെ വികൃതിയാണ്.  തിന്നാന്‍ കൊടുത്തതൊക്കെ  സ്വന്തംദേഹത്തിടും. അതെല്ലാം  വാരിയെറിഞ്ഞ് പാപ്പാന്റെ ശ്രദ്ധക്ഷണിക്കും.  എന്നാല്‍ കൂടിനുവെളിയില്‍ ഇറങ്ങിയാല്‍  പിഞ്ചു  അനുസരണയുള്ള കുട്ടിയാണെന്ന് കുമ്മണ്ണൂര്‍ സ്വദേശിയായ പാപ്പാന്‍ ഹനീഫ പറയുന്നു.
ഹനീഫയുമായി നല്ല അടുപ്പം പുലര്‍ത്തുന്ന പിഞ്ചു  മറ്റ്പാപ്പാന്മാരെ അനുസരിക്കില്ല. രാവിലെ ഒമ്പത് മുതല്‍ 12 വരെ പുറത്തിറക്കൂ. അതിനുശേഷം കൂട്ടിനുള്ളിലാക്കും. പിന്നെ പതിവുഭക്ഷണത്തോടൊപ്പം  ലാക്ടോജന്‍ ഗോതമ്പ്, പഞ്ഞിപ്പുല്ല്, അരി വറ്റിച്ചത്, പ്രോട്ടീന്‍ ഒക്കെ നല്‍കാറുണ്ട്. 
ഒരു വര്‍ഷം മുമ്പ്  അച്ചന്‍കോവില്‍ കടുമ്പുപാറയില്‍ നിന്നാണ് രണ്ടുമാസം മാത്രം പ്രായമുള്ള കൊമ്പനെ ആനക്കൂട്ടിലെത്തിച്ചത്. എട്ട് മാസം മുമ്പാണ് വനംമന്ത്രി കെ രാജു ഇവന് പിഞ്ചു എന്നും ഇവിടെയുണ്ടായിരുന്ന കുട്ടി പിടിയാനക്ക് അമ്മു എന്നും പേരിട്ടത്. പിന്നീട് അമ്മു രോഗം ബാധിച്ച് ചരിഞ്ഞു. ആദ്യ മൂന്ന് മാസം പാപ്പാന്‍ കഠിനപരിശീലനവും ചട്ടവും പഠിപ്പിച്ചു. 1972 മുതല്‍ ആനക്കൂട്ടില്‍ ജോലി ചെയ്തിരുന്ന ഹനീഫ പെന്‍ഷന്‍ പറ്റിയശേഷം  ആനപ്രേമം കൊണ്ട് വീണ്ടും ആനകളെ പരിപാലിക്കാന്‍ ഇവിടെ നില്‍ക്കുകയാണ്. ഇവിടെയുള്ള കൃഷ്ണ, മീന, സുരേന്ദ്രന്‍ എന്നീ ആനകളെ  പരിശീലിപ്പിച്ചത് ഹനീഫയാണ്.    എന്നാലും കുറുമ്പുകാരനായ പിഞ്ചുവിനോട് ഒരു പ്രത്യേക വാത്സല്യം ഹനീഫയ്ക്കുണ്ട്.

Related News

കൂടുതൽ വാർത്തകൾ »