Top
20
Wednesday, September 2017
About UsE-Paper

റാന്നി- പെരുനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പുറത്തായി

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

 റാന്നി > റാന്നി - പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് പിന്തുണയോടെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ വി കെ വാസുദേവനെതിരെ യുഡിഎഫിലെതന്നെ ചില അംഗങ്ങള്‍ അവതരിച്ച അവിശ്വാസമാണ് പാസായത്. 8 പേര്‍ അവിശ്വാസത്തെ അനുകൂലിച്ചപ്പോള്‍ 7 പേര്‍ എതിര്‍ത്തു. യുഡിഎഫിലെ 5 അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസത്തെ എല്‍ഡിഎഫിലെ 3 അംഗങ്ങള്‍ അനുകൂലിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സജി ഉള്‍പ്പെടെ മറ്റുള്ളവര്‍ അവിശ്വാസത്തെ എതിര്‍ത്തുവോട്ട് ചെയ്തു. 

വാസുദേവന്റെ ഏകാധിപത്യപരമായ പ്രവത്തികള്‍ക്കെതിരെ പഞ്ചായത്തംഗങ്ങളും ജീവനക്കാരും രംഗത്തുവന്നിരുന്നു. പദ്ധതി വിഹിതം വിതരണം ചെയ്യുന്നതിനുംമറ്റും ഉണ്ടായ സ്വാര്‍ഥപരമായ ഇടപെടലുകള്‍ ഒപ്പംനിന്ന മറ്റംഗങ്ങളെ ചൊടിപ്പിക്കുകയും ചെയ്തു. ഇവര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ ചീത്തവിളിയും കൊല്ലുമെന്ന ഭീഷണിയുമായിരുന്നു മറുപടി. ഭരണകക്ഷിയംഗമായ സി ആര്‍ മോഹനനെ വീടുകയറി ആക്രമിച്ച സംഭവവും ഉണ്ടായി.  ജീവനക്കാരെയും ഇദ്ദേഹം വെറുതെ വിട്ടില്ല. വനിതാ ജീവനക്കാരെ 'എടീ പോടീ' വിളിയായിരുന്നു. ഇതിനെല്ലാമെതിരെ ഭരണ- പ്രതിപക്ഷ ഭേദമന്യേ വാസുദേവനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ഗ്രാമസഭകള്‍ പോലും വിളിച്ചുചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. പഞ്ചായത്ത് ഫണ്ടുകള്‍ വൈസ്പ്രസിഡന്റിന് താല്‍പ്പര്യമുള്ള വാര്‍ഡുകളില്‍ മാത്രം ചെലവഴിക്കുകയും മറ്റു വാര്‍ഡുകളെ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അവിശ്വാസം വന്നത്.  
 അവിശ്വാസ പ്രമേയം പാസായതിനെതുടര്‍ന്ന് എല്‍ഡിഎഫ്  നേതൃത്വത്തില്‍ ആഹ്ളാദ പ്രകടനവും യോഗവും നടത്തി. പ്രകടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസ്,  ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. വി ജി സുരേഷ്, പി എസ് പ്രസാദ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, മെമ്പര്‍ ചിഞ്ചു അനില്‍, സിപിഐ നേതാവ് എസ് എസ് സുരേഷ്, പി കെ അനില്‍കുമാര്‍, ആര്‍ ഉണ്ണികൃഷ്ണന്‍, റോബിന്‍ കെ തോമസ്, എം സി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.