18 October Thursday

മുല്ലോട്ട് ഡാമിന്റെ നവീകരണ പ്രവര്‍ത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 21, 2018

 കൊടുമണ്‍ > മുല്ലോട്ട് ഡാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ജലവിഭവ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളാരംഭിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.ഡാമിന്റ ഷട്ടര്‍ പ്രവര്‍ത്തരഹിതമായതാണ് വെള്ളം സംഭരിക്കാന്‍ കഴിയാത്തതെന്ന് കണ്ടെത്തി. വശങ്ങളിലെ കല്‍ക്കെട്ടുകളുടെ ചോര്‍ച്ചയും പരിഹരിക്കേണ്ടതാണ്. നിലവില്‍ വെള്ളമില്ലാത്ത അവസ്ഥയാണിപ്പോള്‍.

സമീപ സ്ഥലങ്ങളില്‍ നിന്ന് കാട് വളര്‍ന്നിറങ്ങി ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. ഡാമിന്റെ വശങ്ങളിലെ കല്‍ക്കെട്ടകള്‍ ഇളക്കിപ്പണിയുന്നതിനും ഷട്ടര്‍ മാറ്റി സ്ഥാപിക്കുന്നതിനുമാണ് ഇപ്പോള്‍ പദ്ധതി ലക്ഷ്യമിടുന്നത്.രണ്ടാം ഘട്ടമായി ഡാമിന്റെ വശങ്ങളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും ഡാമില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യന്നതിനുമാണ് പദ്ധതി.
1957 ല്‍ നെല്‍കൃഷിക്ക് വെള്ളം നല്‍കാന്‍ പണി കഴിപ്പിച്ചതാണീ ഡാം. 1993 ല്‍ യൂറോപ്യന്‍ എക്കണോമിക് സമൂഹത്തിന്റെ സാമ്പത്തിക സഹായത്തോടെ ഡാം പുതിക്കിപ്പണിതെങ്കിലും നെല്‍കൃഷി കുറഞ്ഞതോടെ പിന്നീടിതിന്റെ ഉപയോഗം കുറഞ്ഞു. മീന്‍പിടുത്തക്കാരും കൈയ്യേറ്റക്കാരും ചേര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കി. പുനര്‍ നിര്‍മ്മാണത്തിലുണ്ടായ അപാകതയും ഡാമിന്റെ തകര്‍ച്ചക്ക് വഴിവെച്ചു. 
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡാമിലേക്ക് വളര്‍ന്നിറങ്ങിയ കാട് വെട്ടിത്തെളിച്ചു. പഞ്ചായത്തിന്റെ നിര്‍ദ്ദേശ പ്രകാരം റവന്യൂവകുപ്പ് ഡാമിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഐആര്‍ഡിഎ ചീഫ് എഞ്ചിനീയര്‍ ടെറന്‍സ്, ഇറിഗേഷന്‍ വകുപ്പ് സുപ്രണ്ടിങ് എഞ്ചിനീയര്‍ രജ്ഞി കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അജിത്കുമാര്‍, കൊടുമണ്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, മുന്‍ പ്രസിഡന്റ് കെ കെ ശ്രീധരന്‍ വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍, പഞ്ചായത്തംഗം പുഷ്പലത എന്നിവരും പഠന സംഘത്തോടൊപ്പമുണ്ടായി.
 
 
പ്രധാന വാർത്തകൾ
Top