15 November Thursday
വായന വാരാചരണം

പാവ നാടകവുമായി കടമ്മനിട്ട സ്കൂൾ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018
പത്തനംതിട്ട
വായന വാരാചരണത്തിന്റെ സന്ദേശം  ജനങ്ങളിലെത്തിക്കാൻ പാവ നാടകവുമായി കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ഏതാനും ആഴ്ചകളായി സ്കൂൾ ടാലന്റ് ലാബിൽ നടത്തിയ വിവിധ വർക്ക്ഷോപ്പുകളിലൂടെ കുട്ടികൾ രൂപപ്പെടുത്തിയ പാവകളാണ് നാടകത്തിനുപയോഗിക്കുന്നത്. പേപ്പർ പൾപ്പ്, സ്പോഞ്ച്, സിന്തറ്റിക് കോട്ടൺ, സോക്സ്, മറ്റ് പാഴ്വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് നിർമാണം. പാവനാടകത്തിന്റെ തിരക്കഥയും കുട്ടികളുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ടതാണ്. 
പത്തനംതിട്ടപ്പെരുമ, വായന അതല്ലേ എല്ലാം, നന്മ മലയാളം തുടങ്ങിയ  നാടകങ്ങളാണ് കുട്ടികൾ അവതരിപ്പിക്കുക. പാവകളിയിലെ “ഗ്ലൗവ് പപ്പറ്റ്’ അഥവാ കയ്യുറപ്പാവ വിഭാഗത്തിൽപ്പെട്ട പാവകളെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തിരശീലയ്ക്ക് പിന്നിൽ കലാകാരൻമാർ മറഞ്ഞിരുന്ന് കൈപ്പത്തികളിലിട്ടിരിക്കുന്ന പാവകളെ ഉയർത്തിപ്പിടിച്ച് ചലിപ്പിക്കുന്നതാണ് അവതരണ രീതി. സ്കൂളിലെ ഭൈരവി പാവനാടക വേദിയിലംഗങ്ങളായ ശ്രീരാജ്, സേതു, നൗഫൽ, ബിജിത്, ഷാലിമ, ഫേബ, ബിജിത്, ഷാരോൺ, പ്രിഥുൻ, അനുജ എന്നീ കുട്ടികളാണ് നേതൃത്വം നൽകുന്നത്. ന്യൂഡൽഹി സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ് (സിസിആർടി) യിൽനിന്ന് പാവനാടകത്തിൽ പ്രത്യേക പരിശീലനം നേടിയ എം എം ജോസഫ് മേക്കൊഴൂരാണ് പരിശീലകൻ. 
സന്ദേശയാത്രയുടെ ഫ്ളാഗ് ഓഫ് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കടമ്മനിട്ട കാവ്യശിൽപ്പ വേദിയിൽ ചലച്ചിത്ര പിന്നണി ഗായകൻ അനു വി കടമ്മനിട്ട നിർവഹിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിലും അങ്കണവാടികളിലും കുട്ടികൾ പാവ നാടകം അവതരിപ്പിക്കും.  
പ്രധാന വാർത്തകൾ
Top