Top
24
Wednesday, May 2017
About UsE-Paper

പ്രതിഭോത്സവം അറിവുത്സവമായി...

Friday May 19, 2017
വെബ് ഡെസ്‌ക്‌
പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് ഗവ. എച്ച്എസില്‍ നടക്കുന്ന പ്രതിഭോത്സവം ക്യാമ്പില്‍നിന്ന്

 ഇരവിപേരൂര്‍ >  'സത്യം പറഞ്ഞാ എല്ലാം ഇഷ്ടപ്പെട്ടു സാറെ'...കുന്നന്താനം പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂളില്‍ നടന്നുവരുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പായ പ്രതിഭോത്സവം 2017നെപ്പറ്റി ചോദിച്ചപ്പോള്‍ ഇംഗ്ളീഷ് മീഡയം സ്കൂളില്‍ നിന്നെത്തിയ നിമിഷ, ദേവി, ദിയ, ആര്യ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടതിങ്ങനെയാണ്. ഒറിഗാമി, വാനനിരീക്ഷണം, ചിത്രം, അഭിനയം, ശില്‍പം, ആലാപനം, നിര്‍മാണം, പ്രസംഗം, സാഹിത്യം, വ്യക്തിത്വ വികസനം, ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങി വിവിധ മേഖലകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

 

 

 

കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകള്‍ കണ്ടെത്തുന്നതിനും അവ വികസിപ്പക്കുന്നതിനും അവസാരമൊരുക്കുകയാണ് പ്രതിഭാ ക്യാമ്പിലൂടെ ചെയ്തത്. പ്രാദേശിക വൈദഗ്ദ്യം ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ കണ്ടെത്താനും ക്യാമ്പ് അവസരമൊരുക്കുകയാണ്. ഓരോ കുട്ടിക്കും തുടര്‍ പിന്തുണ നല്‍കുന്നതിനുള്ള തന്ത്രങ്ങള്‍ ആറു ദിവസം നീളുന്ന ക്യാമ്പില്‍ ആവിഷ്കരിച്ചുവരികയാണ്.  സമഗ്ര വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളായി പൊതുവിദ്യാലയങ്ങളെ മാറ്റുന്നതിന്റെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ സ്കൂള്‍ പിടിഎയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ച നടന്ന മാനത്തേക്കു നോക്കുമ്പോള്‍ എന്ന വാനനിരീക്ഷണ ക്ളാസ് രക്ഷകര്‍ത്താക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. കോന്നി ബിആര്‍സിയിലെ എന്‍ എസ് രാജേന്ദ്രകുമാറാണ് വാനനിരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. സൂര്യമധ്യ സിദ്ധാന്തം, സൌരയുഥം, ആകാശ പ്രതിഭാസങ്ങളായ ഗ്രഹണം, വാല്‍നക്ഷത്രം, ജ്യോതിശാസ്ത്രത്തിന്റെ ഗുണങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍, തുടങ്ങിയവയെ സംബന്ധിച്ച ക്ളാസും തുടര്‍ന്ന് രാത്രി വാനനിരീക്ഷണവുമാണ് നടന്നത്.  രാവേറെ നീണ്ടിട്ടും കുട്ടികളും രക്ഷകര്‍ത്താക്കളും ഒരു പരാതിയുമില്ലാതെ വാനനിരീക്ഷണത്തിന്റെ ഭാഗമായി.

പ്രശസ്ത നാടകനടന്‍ രവിപ്രസാദിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടന്ന നാടക ക്ളാസും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. പാഠഭാഗങ്ങളിലെ നല്ല ആശയങ്ങളെ നാടകരൂപത്തിലേക്ക് രൂപാന്തരംവരുത്തി അഭിനയിച്ചു ഫിലിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യമാണ് അവര്‍ ഏറ്റെടുത്തത്.  ഗ്രൂപ്പുകളായി തിരിച്ച് ചില ആശയങ്ങള്‍ നല്‍കി. ' മൂത്തവര്‍ നല്‍കും മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരികും' എന്ന ആശയങ്ങളല്‍ നിന്നും കുട്ടികള്‍ തന്നെ നാടകം രൂപപ്പെടുത്തി വിജയകരമായും അനായസമായും രംഗത്തവതരിപ്പിച്ചു എന്നത് സംഘാടകരെപോലും അത്ഭുതപ്പെടുത്തി. കോട്ടാത്തല്‍ ശ്രീകുമാറും നാടക പരിശീലനത്തിന് നേതൃത്വം നല്‍കി. നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് ക്ളാസ് സംഘടിപ്പിച്ചിരിക്കുന്നത്. അടൂര്‍, ആറന്മുള, റാന്നി, കോന്നി എന്നിവിടങ്ങളിലും ഇതേ മാതൃകയില്‍ തന്നെ ക്ളാസ് നടന്നുവരികയാണ്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തിരുവല്ല നിയോജക മണ്ഡലത്തിലെ പ്രതിഭാ ക്യാമ്പിന്റെ സമാപനം കുന്നന്താനത്ത് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍ ജയരാജ് മുഖ്യാതിഥിയാകും. പിടിഎ പ്രസിഡന്റ് എസ് വി സുബിന്‍, ക്യാമ്പ് ഡയറക്ടര്‍ കെ ജലജ എന്നിവര്‍ ക്ളാസിനെപ്പറ്റി വിലയിരുത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധാകൃഷ്ണ കുറുപ്പ് അധ്യക്ഷനാകും.

നാടന്‍പാട്ട് ഗവേഷകന്‍ പി സി ദിവാകരന്‍കുട്ടി, കുഞ്ഞുമോന്‍ ശാന്തിപുരം എന്നിവര്‍ നാടന്‍പാട്ട് പരിശീലനത്തിനും കെ രാജന്‍ പേപ്പര്‍ ക്രാഫ്റ്റിനും ഗിരീന്ദ്രനാഥ ബാനര്‍ജി ഗണിത പഠനത്തിനും നേതൃത്വം നല്‍കി. പ്രഥമാധ്യാപിക സുനിലാദേവി, ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍ വിജയമോഹന്‍, എ പി ജയലക്ഷ്മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.