25 June Monday

എല്ലാവരും തട്ടുന്നു.... അതുകൊണ്ട് ഞങ്ങളും...

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

പത്തനംതിട്ട നവജ്യോതി രംഗശ്രീ കമ്യൂണിറ്റി തിയേറ്ററിന്റെ ക്യാന്‍സര്‍ ബോധവല്‍ക്കരണ നാടകം രംഗത്തവതരിപ്പിച്ചപ്പോള്‍

 ഇരവിപേരൂര്‍ > "എല്ലാവരും അങ്ങു തട്ടുന്നു... അതുകൊണ്ട് ഞങ്ങളും തട്ടുന്നു.. എന്താ കുഴപ്പം''. പ്രഭാത സവാരിക്കിടെ വീട്ടിലെ മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിയുന്നതു കൈയോടെ പിടിക്കപ്പെടുമ്പോള്‍ പറയാവുന്ന ന്യായീകരണം. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം അവതരിപ്പിച്ചുവരുന്ന നാടകത്തില്‍ അതീവ ഹാസ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും ഒരിക്കലെങ്കിലും അങ്ങനെ ചെയ്തിട്ടുള്ള കാണികളുടെ മനസില്‍ അതുണ്ടാക്കുന്നത് കുറ്റബോധം തന്നെയാണ്. പത്തനംതിട്ട നവജ്യോതി രംഗശ്രീ കമ്യൂണിറ്റി തിയേറ്ററാണ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായുള്ള നാടകം അണിയിച്ചൊരുക്കി ജില്ലയില്‍ ഉടനീളം അവതരിപ്പിക്കുന്നത്.

തെറ്റായ ഭക്ഷണ ശീലങ്ങളെയും ഈ നാടകം വിമര്‍ശിക്കുന്നു. സ്ട്രോബറി ഐസ്ക്രീം, ലെയ്സ് എന്ന ഉരുളക്കിഴങ്ങു വറുത്തത്. കുര്‍കുറ, മായം കലര്‍ന്ന കൃത്രിമ ലഘുപാനിയങ്ങള്‍ തുടങ്ങി ആമാശയ ഭിത്തികളെ അപകടത്തിലാക്കുന്ന അജിനാമോട്ടോ എന്ന രാസപദാര്‍ഥം കലര്‍ത്തിയുണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെയും നാടകം കണക്കിന് കളിയാക്കുന്നു.
 പുകവലി ആരോഗ്യത്തിനു ഹാനികരം എന്നറിയാമായിരുന്നിട്ടും അതുപേക്ഷിക്കാന്‍ മടി കാട്ടുന്നത് വലിക്കുന്നയാളെ മാത്രമല്ല പുക ശ്വസിക്കുന്നവരെയും കാന്‍സര്‍ രോഗത്തിലേയക്ക് തള്ളിവിടുന്നതായും നാടകം വരച്ചുകാട്ടുന്നു.
സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ തുടങ്ങിയ ആരംഭത്തിലെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയുമെന്ന സന്ദേശവും ഇതു നല്‍കുന്നു. വിവാഹിതരായ മുപ്പത്തിയഞ്ചു വയസുകഴിഞ്ഞ എല്ലാ സ്ത്രീകളും കാന്‍സര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന ഉപദേശം നല്‍കാനും  മറക്കുന്നില്ല. വിഷം കലര്‍ന്ന കൃത്രിമ ഭക്ഷണത്തെക്കാള്‍ പരമ്പരാഗത രീതിയില്‍ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം,  പ്രത്യേകിച്ചും ആവിയില്‍ പുഴുങ്ങുന്നവ കൂടുതലായി ഉപയോഗിക്കാനും നാടകം ഉപദേശിക്കുന്നു.
ഏനാദിമംഗലം പഞ്ചായത്തില്‍ നിന്നുള്ള ഷേര്‍ലി ഷിജി, വെച്ചുച്ചിറയില്‍നിന്നുള്ള ഉഷ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മായാ അമൃതകുമാര്‍ (മെഴുവേലി),  സുധാ സുരേന്ദ്രന്‍ (കടമ്പനാട്), അംബിക അനില്‍ (കടപ്ര), ഹേമലത (മലയാലപ്പുഴ) എന്നിവരാണ് നാടകത്തിന് രംഗഭാഷ്യം ചമച്ചിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സ്ത്രീ നാടക വേദിയായ നിരീക്ഷയില്‍നിന്ന് മുന്‍പ് ലഭിച്ച പരിശീലനം മാത്രം കൈമുതലാക്കി ആണ് ഇവര്‍ ശുചിത്വ മിഷനുവേണ്ടി നാടകം ഒരുക്കിയത്. രചന, സംഭാഷണം, സംവിധാനം, അവതരണം, രംഗ സജ്ജീകരണം തുടങ്ങി നാടകത്തിന്റെ അവതരണത്തിനാവശ്യമായ എല്ലാ മേഖലകളും ഇവര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് എന്നത് ഏവരെയും അശ്ചര്യപ്പെടുത്തും.
ഏത് നാടകം വേണമെങ്കിലും ചെയ്യാം എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ഇവര്‍ പ്രാപ്തരുമായിരിക്കുന്നു. 44 പഞ്ചായത്തുകളിലായി 132 വേദികളില്‍ ഇതിനോടകം നാടകം അവതരിപ്പിച്ചു. ജില്ലയിലെ ബാക്കി പഞ്ചായത്തുകളില്‍ അവതരണങ്ങള്‍ നടത്താന്‍ ബാക്കിയുണ്ട്. മാര്‍ച്ച് 22ന് ആരംഭിച്ച ഇപ്പോഴത്തെ അവതരണം കഴിഞ്ഞാല്‍ ഉടന്‍ ശുചിത്വമിഷനുവേണ്ടി തന്നെ അടുത്ത പ്രോജക്ടും ആരംഭിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top