Top
22
Thursday, February 2018
About UsE-Paper

കാട് മൂടിയ സ്ഥലത്തേക്ക് ചാടിയ യുവതിയെ കണ്ടെത്തി

Thursday Jan 18, 2018
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > കാട് മൂടിയ സ്ഥലത്തേക്ക് യുവതി ചാടിയെന്ന വാര്‍ത്ത ബുധനാഴ്ച രാത്രി നഗരത്തെ പരിഭ്രാന്തിയിലാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സേര്‍ച്ച് ലൈറ്റുമായി തെരച്ചില്‍ നടത്തുന്നത് കണ്ട് വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.

പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിന് സമീപം റിങ് റോഡിന്റെ വശത്തെ കാട് മൂടിയ സ്ഥലത്ത് പെണ്‍കുട്ടി ചാടിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് സംഭവ വികാസം. രണ്ട് മണിക്കൂര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്കൂട്ടര്‍ യാത്രികയായ ദൃക്സാക്ഷിയുടെ വിവരണം: വൈകിട്ട് ആറരയോടെ രണ്ട് ബൈക്കുകളാലായി എത്തിയ മൂന്ന് യുവാക്കള്‍ ഒരു പെണ്‍കുട്ടിയുമായി റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു. 
അവരുടെ സംസാരത്തില്‍ സംശയം തോന്നിയതിനാല്‍ സ്കൂട്ടര്‍ യാത്രിക വാഹനം തിരിച്ച് വന്നു. പെണ്‍കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ കാട്ടിലേക്ക് ചാടിയതായി യുവാക്കള്‍ പറഞ്ഞു. ദുരൂഹത മനസിലാക്കിയ സ്കൂട്ടര്‍ യാത്രിക ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാട്ടുകാരും ചേര്‍ന്ന് കാട് മൂടിയ സ്ഥലത്ത് തെരച്ചില്‍ നടത്തി. പിന്നീട് ഫയര്‍ഫോഴ്സുമെത്തി. സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ബാഗ് പൊലീസ് പരിശോധിച്ചു. രാത്രി എട്ടരയോടെ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതത്തോട് സ്വദേശിയായ അനില (21)യാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കുടുംബാംഗങ്ങളെ പൊലീസ് വിവരമിറിയിച്ചു. 
ഈ പെണ്‍കുട്ടിയെ പകല്‍ കണ്ണങ്കരയില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടിയോടൊപ്പം കണ്ട യുവാക്കളെ കുറിച്ച് വിവരമില്ല.