18 October Thursday

കാണികളെ അത്ഭുതപ്പെടുത്തി യുവമജീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Thursday Jan 18, 2018

 പത്തനംതിട്ട >  കൈവെള്ളയിലിരുന്ന തളികയിലെ ടിഷ്യൂപേപ്പർ കണ്ണിൽനിന്ന് പുറത്തേക്ക്‍ വിട്ട തീയിൽ കത്തിയെരിയുന്നതും, തുടർന്ന് ആ ചാരത്തിൽനിന്ന് ഗിൽറ്റ്പേപ്പറുകളും മീറ്ററുകളോളം നീളമുള്ള റിബണും പുറത്തേക്ക്‍ വരുന്നതും, തുണ്ടുതുണ്ടായി മുറിച്ച ദിനപത്രം  മടക്കിചുരുട്ടിവെച്ച ശേഷം ഒരു കേടും കുടാതെ വീണ്ടും നിവർത്തി കാണിക്കുന്നതും, ഒരു നോട്ടം കൊണ്ട്‍ ബോൾട്ടിൽനിന്ന് നട്ട്‍ തനിയെ പിരി അയഞ്ഞ്‍ താഴെ വിഴുന്നതുമായ കാഴ്‍ചകൾ സമ്മാനിച്ച്‍ യുവ മജിഷ്യൻ മാധ്യമ പ്രവർത്തകരെ അത്‍ഭുതപ്പെടുത്തി. 

  മാജിക്‍ രംഗത്ത്‍ പ്രശസ്‍തമായ യൂണിവേഴ്‍സൽ റെക്കോഡ്‍ ഫോറത്തിന്റെ 2017ലെ ടോപ്‍ടാലന്റ്‍ അവാർഡ്‍ നേടിയ മലയാളി മജീഷ്യൻ ടിജോ വർഗീസാണ് മാജിക്കും മെന്റലിസവും എല്ലാമായി കാണികളെ കൈയിലെടുത്തത്‍. പ്രസ്‍ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിനിടിയിലായിരുന്നു ഇന്ദ്രജാലം.
   കൊൽക്കൊത്തയിൽ നടന്ന വേൾഡ്‍ ടാലന്റ്‍ ഫെസ്‍റ്റിവലിലാണ് ഈ പുരസ്‍കാരത്തിന് ഈ യുവാവ്‍ അർഹനായത്‍. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി മാന്ത്രികരുടെ പ്രകടനങ്ങളെ പിന്തള്ളിയാണ് ടിജോ ഈ നേട്ടം കൈവരിച്ചത്‍. മാജിക്‍ രംഗത്ത്‍ നിരവധി റെക്കോഡുകൾ സ്വന്തമാക്കിയിട്ടുള്ള ടിജോ തിരുവല്ല സ്വദേശിയാണ്. പത്തു വയസ്സ്‍ മുതൽ മാജിക്‍ പഠിച്ചു തുടങ്ങിയ ടിജോ വർഷങ്ങളായി കോയമ്പത്തൂരിലാണ് താമസം. ഇദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു രണ്ടു മണിക്കൂർ കണ്ണുകെട്ടി അവതരിപ്പിച്ച മാജിക്‍ഷോ.  ഏറ്റവും കൂടുതൽ നേരം കണ്ണുകെട്ടി മാജിക്‍ അവതരിപ്പിച്ചതിന് ഇന്ത്യ ബുക്ക്‍ ഓഫ്‍ റെക്കോഡ്‍സിൽ ഇടം പിടിച്ചു.മാർച്ചിൽ നടക്കുന്ന ലിംക വേൾഡ്‍ റെക്കോഡ്‍ ലക്ഷ്യംവച്ച്‍ പുതിയ മാജിക്‍ പരിപാടി ആസൂത്രണം ചെയ്‍തിട്ടുണ്ട്‍. കേരളത്തിൽ ഈ പരിപാടി ഏതെങ്കിലും സ്‍കൂളിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്‍. അതോടൊപ്പം മാജിക്‍ പഠിക്കാൻ താൽപ്പര്യമുള്ള അർഹരായ രണ്ട്‍ കുട്ടികളെ വീതം ഓരോ ജില്ലയിൽനിന്നും തെരഞ്ഞെടുത്ത്‍  പരിശീലനം നൽകും.
ഭാരത കലാശ്രീ പുരസ്‍കാരം, ജാദു ശിരോമണി അവാർഡ്‍, വേൾഡ്‍ റെക്കോഡ്‍ യൂണിവേഴ്‍സിറ്റി ഹോണററി ഡോക്ടറേറ്റ് എന്നിവ ടിജോയ്‍ക്ക്‍ ലഭിച്ച നിരവധി പുരസ്‍കാരങ്ങളിൽ ഉൾപ്പെടുന്നു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top