22 July Sunday

കക്കാട്ടാർ ശുചീകരണം 19ന്

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 ചിറ്റാർ

ജനകീയ പങ്കാളിത്തത്തോടെ കക്കാട്ടാർ ശുചീകരണ പ്രവർത്തനം മെയ് 19ന് നടത്തും. സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആറ് ശുചിയാക്കുന്നത്. ഏരിയയിലെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പരിപാടിയുടെ വിജയത്തിനായി ഇതിനകം സംഘാടക സമിതികൾ ചേർന്നു കഴിഞ്ഞു.
കുടുംബശ്രീ അയൽക്കുട്ടം, സാംസ്ക്കാരിക സംഘടനകൾ, ക്ലബ്ബുകൾ, സമാന ചിന്താഗതിക്കാരായ ഇതര രാഷ്ട്രീയക്കാർ മഹിള ‐ യുവജന സംഘടനകൾ, കർഷക പ്രസ്ഥാനങ്ങൾ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിലെ നിരവധി ആളുകൾ ഈ ഉദ്യമത്തിൽ പങ്കാളികളാകും.
ശബരിമലക്കാടുകളുടെ വന്യതയിൽ ഉൽഭവിച്ച് ശബരിഗിരി ഉൾപ്പെടെ ആറ് ജലവൈദ്യുത നിലയങ്ങൾക്ക് ഊർജം പകരുന്ന ജലമാണിത്. സീതത്തോട്ടിൽ പുതുതായി ആരംഭിക്കുന്ന കുടിവെള്ള പദ്ധതിയും ഉറുമ്പിനി, എൺപത്താറ്,  മണക്കയം, ചിറ്റാർ പന്നിയാർ, പെരുനാട്, പൂവത്തുംമൂട് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികളും പ്രവർത്തിക്കുന്നത് കക്കാട്ടാറ്റിലാണ്.
അനുദിനം മലിനമാകുന്ന സാഹചര്യം ഇന്ന് ആറിനുണ്ട്. ഈ തിരിച്ചറിവിൽനിന്ന് ബഹുജന കൂട്ടായ്മ ഉയർത്തി ജലസംരക്ഷണമെന്ന വലിയ സന്ദേശമാണ് സിപിഐ എം മുന്നോട്ടു വയ്ക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ 9ന് കേന്ദ്രീകരിക്കുന്ന നൂറു കണക്കിന് ജനങ്ങൾ കക്കാട്ടാറു വൃത്തിയാക്കലിൽ ഏർപ്പെടും.
പ്രധാന വാർത്തകൾ
Top