23 July Monday

റാന്നി മേജർ കുടിവെള്ള പദ്ധതി ഉദ്ഘാടനം 22ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

 

റാന്നി
പന്തീരായിരം  കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ റാന്നി മേജർ കുടിവെള്ള പദ്ധതി ഈ മാസം 22ന് കമ്മീഷൻ ചെയ്യുമെന്ന് രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കമ്മീഷനിങ് നടക്കുന്നത്. 22ന് വൈകിട്ട് 3 ന് കുമ്പളാംപൊയ്കയിൽ നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിനു സമർപ്പിക്കും. ജലവിഭവ മന്ത്രി മാത്യു ടി തോമസ് അധ്യക്ഷനാകും. 
1996 ൽ ഇ കെ നായനാർ മുഖ്യമന്ത്രിയിയാരിക്കുമ്പോൾ രാജു ഏബ്രഹാം എംഎൽഎ നിയമസഭയിൽ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് റാന്നി, പഴവങ്ങാടി, വടശേരിക്കര  പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന പദ്ധതിയുടെ ഇൻവെസ്റ്റിഗേഷൻ നടപടികളാരംഭിച്ചത്.  2002 ൽ പദ്ധതിയുടെ പൂർത്തീകരണത്തിനായി എൽഐസിയുടെ 30 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിച്ചു. ഈ പണം ഉപയോഗിച്ച് തോട്ടമണ്ണിൽ പുതിയ ടാങ്ക് നിർമിച്ചു. തുടർന്ന് പദ്ധതിക്ക് ഫണ്ട് ലഭ്യമായില്ല. വി എസ് അച്യുതാനന്ദൻ മന്ത്രി സഭയിലെ ജല വിഭവ മന്ത്രിയായിരുന്ന എൻ കെ പ്രേമചന്ദ്രൻ മുൻകൈ എടുത്താണ് 26 കോടി രൂപ പദ്ധതിക്കായി അനുവദിച്ചത്.  ഇതോടെ ഫണ്ടിന്റെ ലഭ്യത എന്ന പ്രശ്നം മറികടന്നു. വിവിധ ഘട്ടങ്ങളിലായി ലഭിച്ച തുക ഉൾപ്പെടെ 32 കോടി രൂപയാണ് പദ്ധതിക്ക് ചെലവായത്. 
പദ്ധതിയുടെ പൈപ്പുകളുടെ ഘടന മാറ്റേണ്ടി വന്നതിനാലും ഇൻവെസ്റ്റിഗേഷൻ സയത്ത് ഉണ്ടായിയിരുന്നതിനേക്കാൾ കൂടുതൽ റോഡുകളിൽ പൈപ്പ് ഇടേണ്ടി വന്നതിനാലും എല്ലാ പ്രദേശത്തും പൈപ്പ് എത്തിക്കാൻ കഴിയാതെ വന്നു. വാട്ടർ അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ എസ്കി എൻജിനീയർ സി സജീവന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കിയത്. 
നിലവിൽ പഴവങ്ങാടി പഞ്ചായത്തിലെ കരികുളം, ചെല്ലക്കാട് പദ്ധതികളും റാന്നി പഞ്ചായത്തിലെ തോട്ടമൺ കുടിവെള്ളവിതരണ പദ്ധതിയും റാന്നി മേജർ കുടിവെളള വിതരണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പമ്പാനദിയുടെ റാന്നി പെരുമ്പുഴ കടവിലെ കിണറ്റിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ആനപ്പാറമലയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചാണ് ശുദ്ധീകരിക്കുന്നത്. ശുദ്ധീകരിച്ച വെള്ളം വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുളള ടാങ്കുകളിൽ എത്തിച്ചാണ് വിതരണം ചെയ്യുക.  ആനപ്പാറമല ടാങ്കിൽനിന്ന് വെള്ളം കൊല്ലംപടി ടാങ്കിൽ എത്തിച്ചശേഷമാണ്  ഇവിടെനിന്ന് തട്ടക്കാട്, കൊമ്പനോലി, തെക്കുംമല ടാങ്കുകളിൽ എത്തിച്ച് റാന്നി, വടശേരിക്കര പഞ്ചായത്തുകളുടെ ഉയർന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. ഇതുപോലെ ഇട്ടിയപ്പാറ ആനത്തടം ടാങ്കിൽ എത്തിച്ച ശേഷം ചാവരുപാറ, കരികുളം പൂഴിക്കുന്ന് ടാങ്കുകളിലെത്തിച്ചാണ് പഴവങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്.
പ്രധാന വാർത്തകൾ
Top