Top
22
Thursday, February 2018
About UsE-Paper

പാറക്കും മണലിനും മെറ്റലിനും ക്രഷര്‍ ഉടമകള്‍ വില വര്‍ദ്ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം

Tuesday Jan 16, 2018
വെബ് ഡെസ്‌ക്‌

 കൊടുമണ്‍ > പാറക്കും, മണലിനും, മെറ്റലിനുംക്രഷര്‍ ഉടമകള്‍ അന്യായമായി വിലവര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ആറുമാസത്തിനടയില്‍ നാല് പ്രാവശ്യമാണ് ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചത്.

150 അടിയുള്ള ഒരു ലോഡ് കല്ലിന് 3200 രൂപയാണ് ക്രഷറില്‍ വില ഈടാക്കുന്നത്. 21 രൂപ ഉണ്ടായിരുന്ന ഒരടി കല്ലിന്26 രൂപയും 22 രൂപയുടെ മുക്കാലിഞ്ച് മെറ്റലിന് 36 ഉം, 50 രൂപയുടെ പാറമണലിന് 56 രൂപയും, തേപ്പിനുപയോഗിക്കുന്ന മണലിന് 65 രൂപയുമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. മണല്‍ കഴുകുമ്പോള്‍ പുറത്തു പോകുന്ന ചെളിയക്ക് 20 രൂപയുമാണ് വില. ജിഎസ് ടി നടപ്പാക്കുന്നതിന് തൊട്ടു മുന്‍പും അതിനു ശേഷവും വില കൂട്ടി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കൊല്ലം ജില്ലയിലെ പാറമടകളും ക്രഷറുകളും അടച്ചു പൂട്ടിയതിനാല്‍ അവിടെ നിന്നുള്ള വാഹനങ്ങളുടെ വരവാണ് ക്രമാതീതമായി വില വര്‍ദ്ധിപ്പിക്കാന്‍ ഉടമകളെ പ്രേരിപ്പിച്ചത്.
പ്രകൃതി വിഭവങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കലക്ടര്‍ ഉള്‍പ്പെട്ട സമിതിക്കാണ്. സമിതിയുടെ അനുമതിയക്കു കാത്തു നില്‍ക്കാതെ ഉടമകള്‍ തോന്നിയതുപോലെ വില വര്‍ദ്ധിപ്പിക്കുകയാണ്. ചില റവന്യൂ അധികാരികള്‍ ഉടമകളുടെ കൈയ്യില്‍ നിന്നും കോഴ വാങ്ങി പാറ മുതലാളിമാര്‍ക്ക് കൂട്ട് നില്‍ക്കുന്നതാണ് അടിക്കടിയുള്ള വിലവര്‍ദ്ധനവിന് കാരണം. തൊഴിലാളിയുടെ കൂലിയിലോ, ലൈസന്‍സ് ഫീസിലോ യാതൊരു വര്‍ദ്ധവുമില്ലാതിരുന്നിട്ടും ഇപ്പോഴത്തെ വില വര്‍ദ്ധനവിന് യാതൊരു നീതീകരണവുമില്ല. 
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രഷര്‍ യൂണിറ്റുകളുള്ളത് കൂടല്‍ വില്ലേജിലാണ്. വര്‍ദ്ധിപ്പിച്ച വില കുറച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ക്രഷറുകളുടെ പ്രവര്‍ത്തനം തടയുമെന്ന് പാറ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി സിപിഐ എം കൂടല്‍ ലോക്കല്‍ കമ്മിറ്റി നോട്ടീസ് നല്‍കി.ഒപ്പം കലഞ്ഞൂര്‍ പഞ്ചായത്ത് കമ്മറ്റിക്കും പരാതി നല്‍കി.