20 September Thursday

കുരുമ്പൻമൂഴിയുടെ ദുരിതമറിയാൻ ജനപ്രതിനിധികളെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018

 

 
റാന്നി
പെരുന്തേനരുവി വൈദ്യുതി പദ്ധതിയുടെ സംഭരണിയിൽ ജലനിരപ്പുയർന്നതോടെ ഒറ്റപ്പെട്ടുപോയ കുരുമ്പൻമൂഴി ആദിവാസികോളനിയും കുരുമ്പൻമൂഴി ഗ്രാമവും രാജു ഏബ്രഹാം എംഎൽഎ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കുരുമ്പൻമൂഴി കോസ്വേയും ആർപ്പുംപാറയിലെ പാലത്തിന് ഇരുവശവും വെള്ളത്തിനടിയിലായി. കുരുമ്പൻമൂഴി കോസ് വേ അഞ്ചു ദിവസവും ആർപ്പുംപാറ ഭാഗം നാലു ദിവസവും വെള്ളത്തിലായതോടെ ഈ പ്രദേശങ്ങൾ പുറംലോകവുമായി തീർത്തും ബന്ധമില്ലാതായി. ഇവിടെ ഒറ്റപ്പെട്ടുപോയ 400 ഓളം കുടുംബങ്ങളിലെ രോഗികളെയും മറ്റും ചങ്ങാടം കെട്ടി പെരുന്തേനരുവി ഡാമിനു മുകളിലെ പാലത്തിൽ എത്തിച്ചാണ് ചികിത്സയ്ക്ക് കൊണ്ടുപോയത്. ഇപ്പോഴും കോസ്വേയിൽ വെള്ളം കിടക്കുന്നതിനാൽ ഇവിടം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടില്ല. 
ഡാം നിർമിക്കുന്നതിനു മുമ്പ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കനത്ത മഴ പെയ്താലും ഒരു ദിവസത്തിൽ കൂടുതൽ കോസ് വേ മുങ്ങിക്കിടന്നിട്ടില്ല. ഡാം നിർമിച്ചതോടെയുണ്ടായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് രാജു ഏബ്രഹാം എംഎൽഎ മന്ത്രി എം എം മണിയോട് ആവശ്യപ്പെട്ടു. കോസ് വേ യുടെ ഉയരം വർധിപ്പിക്കുക മാത്രമാണ് മാർഗം. ഇതിനായി നിലവിലെ കോസ്വേയുടെ സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷം തൂണുകളുടെ ഉയരം വർധിപ്പിക്കണം. ഇതിനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണം എന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  
വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിച്ച പുതിയ ആർപ്പുംപാറ പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാത്തിനാലാണ് ഇവിടം വെള്ളത്തിനടിയിലായത്. ഇവിടെ അപ്രോച്ച് റോഡ് നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടാതെ, പുളിമൂട്ടിൽ ഭാഗത്തെ നിലവിലെ നാലു മീറ്റർ വീതിയുള്ള സ്ലാബ് ഉയർത്തുകയും കൈപ്ലാവിൻ പടിയിലെ ചെറിയ കലുങ്കിന്റെ ഉയരം വർധിപ്പിക്കുകയും ചെയ്യണമെന്നും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. എംഎൽഎ യോടൊപ്പം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ്, ടൂറിസം ഡസ്റ്റിനേഷൻ കമ്മിറ്റി പ്രസിഡന്റ് ആർ വരദരാജൻ, ജോജി ജോർജ് എന്നിവരും ഉണ്ടായിരുന്നു.   
 

 

പ്രധാന വാർത്തകൾ
Top