23 April Monday

ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ പ്രമാണിമാരും

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 

 
പത്തനംതിട്ട > ആദിവാസി കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകാനുള്ള പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ നാട്ടുപ്രമാണിമാരും. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പ്രകാരം 16 പട്ടികജാതി കുടുംബങ്ങൾക്ക് നൽകാൻ റാന്നി താലൂക്കിലെ കൊല്ലമുള വില്ലേജിൽ പരുവയിൽ കണ്ടെത്തിയ സ്ഥലത്തിന്റെ വില നിർണയം സംബന്ധിച്ച തർക്കത്തോടൊപ്പം തന്നെ പ്രദേശത്തെ ചില പ്രമാണിമാരുടെ ഇടപെടലും പദ്ധതി അട്ടിമറിക്കുന്നതിന് ഇടയാക്കി. 
    ആദിവാസി കുടുംബങ്ങൾ കൂട്ടത്തോടെ തങ്ങളുടെ വീടുകൾക്ക് സമീപം താമസത്തിനെത്തുന്നത് അംഗീകരിക്കാൻ കഴിയാത്ത ഒരു വിഭാഗം പദ്ധതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ബന്ധപ്പെടുകയും അത് ഒരുപരിധിവരെ വിജയം കണ്ടുവെന്നും വേണം കരുതാൻ. ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടും  കലക്ടർ ഉൾപ്പെടെയുള്ളവർ കാട്ടിയ അലംഭാവവുമാണ് പദ്ധതി നടക്കാതെ പോകാൻ കാരണം. ഇതു കാരണം പദ്ധതിയ്ക്കായി സർക്കാർ അനുവദിച്ച 1.70 കോടി രൂപ നഷ്ടമായി. അതുകാരണം പദ്ധതി ഇനി ഉടൻ നടക്കുമെന്ന് കരുതാനാവില്ല. 
   ഇനിയും പുതിയ പ്രോജക്ട് തയാറാക്കി അത് 2018‐19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചെങ്കിൽ മാത്രമേ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകാനാകൂ. കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ആദിവാസി പുനരധിവാസ വികസന ജില്ലാ മിഷൻ ചെയർമാൻ കൂടിയായ കലക്ടർ വിലയ്ക്കുവാങ്ങി ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. വസ്തു വിലനിർണയം സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ വിതരം നിർത്തിവെച്ച കലക്ടർ അന്ന് പറഞ്ഞത് കൃഷിക്ക് അനുയോജ്യവും വാസയോഗ്യവുമായ ഭൂമി വാങ്ങി വിതരണം ചെയ്യുമെന്നായിരുന്നു. എന്നാൽ,  ഭൂമി വാങ്ങാൻ കഴിയാതെ വന്നതോടെ സാമ്പത്തിക വർഷം അവസാനിക്കുകയും പണം തിരിച്ചടയ്ക്കേണ്ടി വരുകയും ചെയ്തു. 
  ഭൂഉടമയുമായി വിലപേശി ന്യായമായ വിലയ്ക്കു വേണം ഭൂമി വാങ്ങാനെന്ന മാനദണ്ഡമൊക്കെ കാറ്റിൽ പറത്തി ബന്ധപ്പെട്ടവരുടെ താൽപ്പര്യപ്രകാരമാണ് വസ്തുവിന് വിലനിശ്ചയിച്ചത്. പിന്നീട് കോടതി ഇടപെട്ടപ്പോൾ നിർത്തി വയ്ക്കുകയായിരുന്നു. ഈ കരുനീക്കങ്ങൾക്കൊക്കെ പിന്നിൽ സ്ഥലത്തെ 'ദിവ്യന്മാരും ' ഉണ്ടായിരുന്നതായി അറിയുന്നു.
 
 
പ്രധാന വാർത്തകൾ
Top