Top
22
Thursday, February 2018
About UsE-Paper

അവർ ഒന്നിച്ചു; മതഭേദമില്ലാത്ത ജീവിതത്തിലേക്ക്...

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌
ബഞ്ചമിൻ ജോസ് ജേക്കബിന്റെ‌യും ശ്യാമയുടെയും വിവാഹ ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രക്തഹാരം കൈമാറുന്നു

 റാന്നി  > എസ്എഫ്ഐ പ്രവർത്തനത്തിൽ തുടങ്ങിയ പരിചയം.  അവർ ഈ പ്രണയദിനത്തിൽ ജീവിതത്തിൽ ഒന്നിച്ചു. എസ്എഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കബും പ്രസിഡന്റ് ആർ ശ്യാമയുമാണ് മതങ്ങളുടെ അതിർവരമ്പ് ഭേദിച്ച് ജീവിതത്തിലേക്ക് ഒന്നിച്ച് നടന്നു കയറിയത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ 2004‐ ൽ ബെഞ്ചമിനും തൊട്ടടുത്ത വർഷം ശ്യാമയും ബിരുദ പഠനത്തിന് എത്തുകയും പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ക്യാമ്പസിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയുമായിരുന്നു. ബിരുദപഠനത്തിനു ശേഷം ഇരുവരും ഇതേ കോളേജിൽ തന്നെയാണ് ബിരുദാനന്തര ബിരുദവും പൂർത്തീകരിച്ചത്. ബഞ്ചമിൻ സെക്രട്ടറിയും ശ്യാമ പ്രസിഡന്റുമായി ഒരേ കാലഘട്ടത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയെ നയിച്ചു.
 
ബുധനാഴ്ച പകൽ മൂന്നിന് കുമ്പളാംപൊയ്ക സിഎംഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വധൂ വരന്മാർക്ക് രക്തഹാരം നൽകിയത്. ഇരുവരും പരസ്പരം വരണമാല്യം അണിയിച്ചപ്പോൾ അന്തരീക്ഷം മുദ്രാവാക്യം വിളികളാൽ മുഖരിതമായി. തുടർന്ന് മംഗളാശംസകൾ നേർന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, രാജു ഏബ്രഹാം എംഎൽഎ, വീണാ ജോർജ് എംഎൽഎ, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, അഡ്വ. കെ അനന്തഗോപൻ, കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, യൂത്ത് കമീഷൻ അധ്യക്ഷ ചിന്ത ജെറോം, പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ചെയർമാൻ മത്തായി ചാക്കോ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ യു ജനീഷ് കുമാർ, പ്രൊഫ. എം എസ് സുനിൽ, എം വി വിദ്യാധരൻ, പി എസ് മോഹനൻ, പ്രൊഫ. ടി കെ ജി നായർ, ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, ഫാ. ബെഞ്ചമിൻ, എന്നിവർ ആശംസ നേർന്നു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
മതങ്ങൾ ഇക്കാലത്ത് മനുഷ്യ ജീവിതങ്ങളെ തടവറകളിലാക്കുമ്പോൾ യഥാർഥ സ്നേഹത്തിന് മതിലുകളില്ലെന്ന സന്ദേശമാണ് പുതുതലമുറയക്ക് ശ്യാമയും ബെഞ്ചമിനും തങ്ങളുടെ വിവാഹത്തിലൂടെ നൽകിയത്.
 
 

Related News

കൂടുതൽ വാർത്തകൾ »