21 June Thursday

പൊലീസിനെ ആക്രമിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

 പന്തളം > മാസങ്ങള്‍ക്ക് മുമ്പ് കുളനടയില്‍ ആര്‍എസ്എസ് പ്രതിഷേധത്തിനടിയില്‍ പന്തളം എസ്ഐ എസ് സനൂജിന്റെ മുഖത്തേക്ക് പെയിന്റ് സ്പ്രേ ചെയ്യുകയും പൊലീസിന് നേരെ കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കുളനട ഞെട്ടൂര്‍ അവിട്ടത്തില്‍ ശ്രീജിത്ത് (33) ആണ് ബുധനാഴ്ച ഉച്ചയോടെ പന്തളം പൊലീസില്‍ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുമ്പ് രാവിലെ ശ്രീജിത്ത്  ബിജെപി ജില്ലാ പ്രസിഡന്റും കുളനട പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്‍ കുളനടയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് ലൈവായി സ്വന്തം വീഡിയോ ഫേയ്സ് ബുക്കില്‍ പോസ്റ്റുചെയ്യുകയായിരുന്നു. 

ബിഎംഎസിന്റെ കീഴിലുള്ള ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയുടെ സംസ്ഥാന നേതാവായ ശ്രീജിത്തിന്റെ പോസ്റ്റ് മിനിട്ടുകള്‍ക്കുള്ളില്‍ നവ മാധ്യമങ്ങളില്‍ വൈറലായി. കുളനടയിലെ സംഭവത്തില്‍ തന്നെ കുടുക്കുകയായിരുന്നെന്നും അശോകന്‍ കുളനടയുടെ കീഴില്‍ ജില്ലയിലെ ബിജെപി തകര്‍ച്ചയിലാണെന്നും പറയുന്നു. ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം നിഷേധിക്കുകയാണ് ജില്ലാ പ്രസിഡന്റെന്നും പോസ്റ്റില്‍ പറയുന്നു. 
അടുത്ത തെരഞ്ഞെടുപ്പില്‍ അശോകന്‍ കുളനട എവിടെ മത്സരിച്ചാലും പരാജയപ്പെടുത്താന്‍ താന്‍ രംഗത്തിറങ്ങുമെന്നും പറയുന്നു. അശോകന്‍ കുളനട പ്രസിഡന്റായ പഞ്ചായത്തിനെതിരെ നിരവധി പരാതികള്‍ കുളനടയിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരും ബിഎംഎസ് പ്രവര്‍ത്തകരും നേരത്തേ തന്നെ പഞ്ചായത്ത് ഡയറക്ടര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ജില്ലാ പ്രസിഡന്റിന്റെ ഏകപക്ഷീയമായ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ കുളനടയില്‍ ബിജെപിയില്‍ ശക്തമായ ചേരിതിരിവ് പ്രകടമായിരിക്കുകയാണ്. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top