27 April Friday

ലക്ഷ്മിക്കുതിരയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു; അയ്യപ്പനെന്നു പേര്...

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

തട്ട നന്ദനാര്‍ ട്രാവല്‍സ് ഉടമ അയ്യപ്പരാജിന്റെ വീട്ടില്‍ പിറന്ന കുതിരക്കുഞ്ഞ് അയ്യപ്പനും അമ്മ ലക്ഷ്മിക്കുതിരയും

 പന്തളം > ശബരിമല തീര്‍ത്ഥാടനകാലത്തുതന്നെ ലക്ഷ്മിക്കുതിര ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ തട്ട ഒരിപ്പുറം നന്ദനാര്‍ ട്രാവല്‍സ് ഉടമ ചിക്കുവിന് കുതിരക്കുഞ്ഞിന് പേരിടാന്‍ മറ്റൊന്നാലോചിക്കേണ്ടിവന്നില്ല. അയ്യപ്പനെന്നു പേര്‍ ചൊല്ലിവിളിച്ചു...മാത്രമല്ല തനി വെള്ളയായ ലക്ഷ്മിക്കു പിറന്ന കുഞ്ഞിന് തീര്‍ത്ഥാടക വേഷമായ കറുപ്പുതന്നെ നിറം...ചിക്കുവെന്നു വിളിക്കുന്ന അയ്യപ്പരാജിന്റെ പേരിലുമുണ്ടൊരു അയ്യപ്പഭക്തി. പിന്നെ മറിച്ചൊന്നാലോചിച്ചില്ല. കുതിരക്കുഞ്ഞിന് പേര്‍ അയ്യപ്പന്‍ തന്നെ...

ശനിയാഴ്ച വെളുപ്പിന് മൂന്നരയ്ക്കായിരുന്നു ലക്ഷമി അയ്യപ്പന് ജന്മം നല്‍കിയത്. അമ്മയെപ്പോലെ സിനിമയിലും സീരിയലിലും ബാലവേഷം ചെയ്യാന്‍ ചിലപ്പോള്‍ അയ്യപ്പനും അവസരമുണ്ടായേക്കുമെന്ന് കുതിരയുടെ ഉടമയായ ഒരിപ്പുറം പേരൂര്‍ കിഴക്കേതില്‍ അയ്യപ്പരാജ് പറയുന്നു. കറുപ്പാണങ്കിലും അയ്യപ്പന് ഗ്ളാമറിന് കുറവൊന്നുമല്ല. നെറ്റിയില്‍ വെള്ളച്ചുട്ടിയുമായി ആളൊരു ചുള്ളന്‍ തന്നെ. 12 വയസ്സുള്ള അമ്മ ലക്ഷ്മി ചില്ലറക്കാരിയല്ല. റൊമാന്‍സ്, ചാര്‍ലി എന്ന സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട് ലക്ഷ്മി. ലക്ഷ്മിയെ തമിഴ്നാട് സത്യമംഗലത്ത് നിന്നാണ് രണ്ട് വര്‍ഷം മുമ്പ് അയ്യപ്പരാജ് കൊണ്ടുവന്നത്. മറ്റ് രണ്ട് കുതിരകള്‍കൂടിയുണ്ട് അയ്യപ്പരാജിന് ഗൌരിയും ബീന്‍ശങ്കറും.
9 വര്‍ഷം മുമ്പെത്തിയതാണ് ഗൌരി. കറുത്തവളെങ്കിലും ഗൌരിയും സുന്ദരിയാണ്. ഗൌരിയും മോശക്കാരിയല്ല. ബാഹുബലിയിലെ താരമായിരുന്നു അവള്‍. കുതിരകളെയും പുതിയ അതിഥി അയ്യപ്പനെയും പരിപാലിക്കുന്നത് കമ്പം സ്വദേശിയായ മുരുകനും തട്ട സ്വദേശി വിജയനുമാണെന്ന് അയ്യപ്പരാജ് പറഞ്ഞു. ഉടന്‍തന്നെ രാജസ്ഥാനില്‍ നിന്ന് അയ്യപ്പരാജിന്റെ വീട്ടിലേക്ക് ഒട്ടകം എന്ന പുതിയൊരു അതിഥികൂടി എത്തും. എമു അടക്കം വിവിധ തരം കോഴികളും പശുക്കളും അയ്യപ്പരാജിന്റെ ഫാമിലുണ്ട്. ഫിലിമിനും, സീരിയലിനും കല്യാണ ആവശ്യങ്ങള്‍ക്കും കുതിരകളെയും കുതിരവണ്ടിയും മറ്റും വാടകയ്ക്ക് നല്‍കുന്നുണ്ട് അയ്യപ്പരാജ്. കുതിരക്കുഞ്ഞായ അയ്യപ്പനെ കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് അയ്യപ്പരാജിന്റെ വീട്ടിലേക്ക് ആളുകള്‍ ഒഴുകുകയാണ്...
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top