23 April Monday

കഥകളിമേള ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

രുഗ്മാഗദചരിതം കഥകളിയില്‍ രുഗ്മാഗദനായി കലാമണ്ഡലം ഗോപിയും മോഹിനിയായി മാര്‍ഗി വിജയകുമാറും അരങ്ങില്‍

 പത്തനംതിട്ട > ഏഴുനാളുകളായി  ആസ്വാദകര്‍ക്ക് പ്രൌഡ ഗംഭീരമായ കഥകളി രാവുകള്‍ സമ്മാനിച്ച മേളക്ക് ഞായറാഴ്ച തിരശ്ശീല വീഴും. പഠനവും ആസ്വാദനവും സോദാഹരണ പ്രഭാഷണങ്ങളുമായി നീണ്ട പകലുകള്‍ക്കൊടുവില്‍ സന്ധ്യക്ക് കണ്ടു കേട്ടാസ്വദിക്കാന്‍ കഥകളിയും കളമൊരുക്കിയ മേളയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ആസ്വാദകരും പങ്കെടുത്തു. ഞായറാഴ്ച നടക്കുന്ന ബാലിവിജയം കഥകളിയോടെ കഥകളി മേള 2018 സമാപിക്കും. 

   ശനിയാഴ്ച നടന്ന വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ പ്രീതാ ബി നായര്‍ ഉദ്ഘാടനം ചെയ്തു. എം അയ്യപ്പന്‍കുട്ടി അധ്യക്ഷനായി. രഘു ആനന്ദന്‍ നായര്‍, എന്‍ ആര്‍ ശിവദാസ് എന്നിവര്‍ സംസാരിച്ചു. പി പി രാമചന്ദ്രന്‍ പിള്ള ആട്ടവിളക്ക് തെളിച്ചു. പത്മശ്രീ കലാമണ്ഡലം ഗോപി രുക്മാംഗദനായി അരങ്ങിലെത്തിയ രുക്മാംഗദ ചരിതം കഥകളിയും നടന്നു.
   സമാപന ദിവസം ബാലിവധം അരങ്ങേറും.  കൊട്ടാരക്കരതമ്പുരാന്റെ എട്ടുകഥകളില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ അരങ്ങേറുന്ന കഥയാണ് ബാലിവധം. രണ്ടു കത്തിവേഷവും രണ്ടു താടിയും ഒരേ സമയം രംഗത്തു വരുന്ന അപൂര്‍വ കഥയാണ് ഇത്. രാവണന്റെ സീതാസ്വയംവര വര്‍ണന, ബാലി സുഗ്രീവ യുദ്ധ രംഗത്തെ പര്‍വ്വതം ചുറ്റല്‍, പുലി അങ്കം, കിടന്നു ചവിട്ടല്‍ തുടങ്ങിയ രംഗങ്ങള്‍ ഈ കഥയുടെ പ്രത്യേകതകളാണ്. തോടി രാഗം ആലപിച്ചുകൊണ്ടുള്ള മാന്‍ പിടുത്ത രംഗം ഏറെ സുന്ദരമാണ്. ഒരു കഥാപാത്രത്തിന്റെ പദത്തിന് മറ്റൊരു കഥാപാത്രം കലാശമൊടുക്കുന്നത് ബാലിവധത്തിലും, ബകവധത്തിലും മാത്രമാണ്. ബാധിതസ്യ സായകേന എന്ന ഘണ്ഠാര രാഗത്തില്‍ ചിട്ടപ്പെടുത്തിയ ബാലിയുടെ വിലാപപദം ആസ്വാദകരുടെ കണ്ണുകള്‍ ഈറനണിയിക്കും. പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ രാവണനായി അരങ്ങിലെത്തും. 
പ്രധാന വാർത്തകൾ
Top