14 November Wednesday

നവീന പമ്പയെ പുനഃസൃഷ്ടിക്കുന്നത് ശാസ്ത്രീയമായി വേണം: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 പത്തനംതിട്ട

വെള്ളപ്പൊക്കം സൃഷ്ടിച്ച നാശത്തിൽനിന്ന് നവീന പമ്പയെ പുനഃസൃഷ്ടിക്കുന്നത് ശാസ്ത്രീയമായി വേണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്ന പമ്പ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ഡാം നിർമിച്ചതോടെ നദിയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞു. ഈ അവസരത്തിൽ അശാസ്ത്രീയവും യുക്തിരഹിതവുമായി കെട്ടിടങ്ങൾ നദിയിൽ തന്നെ നിർമിക്കുകയായിരുന്നു. ശക്തമായ മഴയും ഒഴുക്കും ഉണ്ടായപ്പോൾ ഇവയൊക്കെ എടുത്തു പോയി. 
രാമമൂർത്തി മണ്ഡപം, നടപ്പന്തൽ, അന്നദാന മണ്ഡപം, ദേവസ്വം ക്ലോക്ക്റൂം, ശാസ്താ ഹോട്ടൽ, ശൗചാലയങ്ങൾ തുടങ്ങി നിരവധി കെട്ടിടങ്ങൾ നദി ഒഴുകിയിരുന്ന മണൽപ്പുറത്താണ് നിർമിച്ചിരുന്നത്. നിർമാണ പ്രവർത്തനങ്ങളിലെ ഗൗരവമില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഭാവിയെകൂടി മുന്നിൽ കണ്ടു വേണം പമ്പയുടെ പുനരുദ്ധാരണം. തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന് വനഭൂമി വിട്ടുനൽകാൻ വനം പരിസ്ഥിതി മന്ത്രാലയം തയാറാകണം. ശൗചാലയങ്ങൾ പമ്പയിലേക്ക് തുറന്നുവയ‌്ക്കാതെ പിന്നിലേക്ക് മാറ്റി സ്ഥാപിക്കാൻ ഇത് ആവശ്യമാണ്. കുടിവെള്ളവും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ക്രമീകരിക്കണം.പ്രളയ ജലത്തിൽ എത്തിയ മണ്ണും തടികളും മാറ്റി തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന് ടാറ്റ കൺസ്ട്രക്ഷൻ കമ്പനിയെ ആണ് സർക്കാർ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ദേവസ്വംബോർഡും കമ്പനിയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പരിസ്ഥിതിക്ക് ഇണങ്ങും വിധമായിരിക്കണം പുനർനിർമാണമെന്നും ഉദയഭാനു പറഞ്ഞു.
സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, യുവജന ക്ഷേമബോർഡ് അംഗം കെ യു ജെനീഷ്കുമാർ എന്നിവരും കെ പി ഉദയഭാനുവിനൊപ്പം ഉണ്ടായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top