15 November Thursday
എൽഡിഎഫ‌് ഉപരോധം

നഗരസഭാംഗത്തിന്റെ അനധികൃത കെട്ടിടംപണി നിർത്തിവയ‌്ക്കാൻ നോട്ടീസ‌് നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 പത്തനംതിട്ട 

യുഡിഎഫ് കൗൺസിലറും ഭർത്താവും പത്തനംതിട്ട നഗരത്തിൽ നിയമം ലംഘിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നഗരസഭ അധികൃതർ നോട്ടീസ് നൽകി. എൽഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. നിർമിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള റോഡിന് സമീപത്തെ പൊതുമരാമത്തിന്റെ കല്ലുകൾ നീക്കം ചെയ്ത് മണ്ണ് ഇറക്കിയതിൽ പൊതുമരാമത്ത‌് വകുപ്പ‌് നോട്ടീസ് നൽകി. 
കേരള കോൺഗ്രസിന്റെ കൗൺസിലർ ഷൈനിയും ഭർത്താവ് ജോർജ് വർഗീസുമാണ് അബാൻ ജങ‌്ഷന‌് സമീപം  റിങ‌് റോഡിൽ   ഭവൻസ‌് സ‌്കൂളിന‌് അടുത്തായി അനധികൃതമായി കെട്ടിടം നിർമിക്കുന്നത്. വയൽ നികത്തിയാണ് കെട്ടിട നിർമാണം. ഭരണസ്വാധീനം ഉപയോഗിച്ച് ഒരു വർഷം മുമ്പ് കെട്ടിടം നിർമിക്കുന്നതിനുള്ള പെർമിറ്റ് വാങ്ങി. കെട്ടിടത്തിനു മുകളിലൂടെ 110 കെവിയും 11 കെവിയും വൈദ്യുതി ലൈൻ പോകുന്നുണ്ട്. ഇതിൽ നിന്നുള്ള ദൂരപരിധി പാലിച്ചിട്ടില്ല. വൈദ്യുതി ബോർഡിന്റെ എൻഒസിയും വാങ്ങിയിട്ടില്ല. സ്വന്തം പാർടിയുടെ നേതാവായ വൈസ് ചെയർമാൻ നഗരസഭ ചെയർമാനായി ചുമതലയേറ്റശേഷം കഴിഞ്ഞ ദിവസം രാത്രിയിൽ കെട്ടിടത്തിന് ചേർന്നുള്ള ഭാഗത്ത് അനധികൃതമായി മണ്ണിട്ട് നികത്തുകയും ചെയ്തു. പൊതുമരാമത്ത് അധികൃതർ റോഡിന്റെ അതിര് നിശ്ചയിക്കുന്നതിനായി ഇട്ടിരുന്ന കരിങ്കല്ലുകൾ നീക്കം ചെയ്താണ് ഇവിടെ മണ്ണിട്ടത്. ഇതിനെതിരെ ഹൈവേ പ്രൊട്ടക‌്ഷൻ നിയമപ്രകാരമാണ് പൊതുമരാമത്ത്  അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയത്. ചെയർമാന്റെ ചുമതല വൈസ് ചെയർമാൻ പി കെ ജേക്കബ് ഏറ്റെടുത്ത ശേഷമാണ് കെട്ടിടം നിർമിക്കുന്ന സ്ഥലത്ത് മണ്ണിട്ട‌് നികത്തുന്ന പ്രവർത്തനം സജീവമായത്.
 എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് പി കെ അനീഷ്, സെക്രട്ടറി പി വി അശോക് കുമാർ, കൗൺസിലർമാരായ വി മുരളീധരൻ, ആർ ഹരീഷ്, വി ആർ ജോൺസൺ, ശോഭ കെ മാത്യു, റജീന ബീഗം എന്നിവരാണ് നഗരസഭ സെക്രട്ടറി  എ എം മുംതാസിനെ ഉപരോധിച്ചത്.
 
പ്രധാന വാർത്തകൾ
Top