21 November Wednesday

5 ലക്ഷവും ജീപ്പുമായി മുങ്ങിയ യുവാവ് പിടിയിലായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

തിരുവല്ല 
ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് അഞ്ചുലക്ഷം രൂപയും ബൊലേറോ ജീപ്പുമായി മുങ്ങിയ യുവാവിനെ തമിഴ്നാട് തേനിയിൽനിന്ന് പൊലീസ് പിടികൂടി. വസ്ത്രവ്യാപാരിയായ സുരേന്ദ്രബാബുവിന്റെ തിരുവല്ല മുത്തൂരിലെ അപ്പു ഗാർമെന്റ്സിലെ ജോലിക്കാരനായ ഷിബു ആണ് പിടിയിലായത്. 
 കഴിഞ്ഞ അഞ്ചിന് തിരുവല്ല മുത്തൂരിൽനിന്നാണ് ഇയാൾ പോയത്. ഗാർമെന്റ്സിൽനിന്നുള്ള തുണികൾ വിതരണം ചെയ്തശേഷം മറ്റൊരു ജോലിക്കാരനൊപ്പം തിരികെ വരുംവഴി മുത്തൂരിൽ ചായകുടിക്കാൻ വാഹനം നിർത്തിയപ്പോൾ പണവും വാഹനവുമായി ഇയാൾ കടന്നുകളയുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നിർദേശപ്രകാരം എസ്എച്ഒ പി ആർ സന്തോഷ്, എസ്ഐ അജിത്കുമാർ, അരുൺകുമാർ എന്നിവർ നടത്തിയ അന്വേഷണത്തിൽ ഷിബു തേനിയിലുണ്ടെന്ന് കണ്ടെത്തി. 
 പൊലീസ് സംഘം അന്വേഷിച്ചെത്തുമ്പോൾ പീസിപ്പെട്ടി എന്ന സ്ഥലത്തെ ഒരു ബാറിൽ മദ്യപിക്കുകയായിരുന്നു ഇയാൾ. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തു. വാഹനവും പണവും തിരികെ ലഭിച്ചു. തിരുവല്ലയിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
 
പ്രധാന വാർത്തകൾ
Top