16 November Friday

റാന്നി ഓപ്പറേറ്റിങ‌് സെന്റർ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢ നീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 റാന്നി

റാന്നി കെ എസ്ആർടിസി ഓപ്പറേറ്റിങ‌് സെന്റർ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢനീക്കം. വെളളപ്പൊക്കത്തിൽ റാന്നി കെ എസ് ആർ ടി സി ഓപ്പറേറ്റിങ‌് സെന്റർ മുങ്ങിയതോടെ ഇതിന്റെ പ്രവർത്തനം പത്തനംതിട്ടയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ വെള്ളമിറങ്ങി 25 ദിവസമായിട്ടും സെന്റർ പ്രവർത്തിപ്പിക്കാൻ ഒരു നടപടിയും ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നില്ല. പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുന്നതിനാൽ ശമ്പളമില്ലാതെ റാന്നി ഓപ്പറേറ്റിങ‌് സെന്ററിലെ ജീവനക്കാരും ബുദ്ധിമുട്ടുന്നു. 
 ഇരുപതോളം സർവീസുകളാണ് റാന്നിയിൽ നിന്ന‌് നടത്തിയിരുന്നത്. 20 ബസുകളും ഉണ്ടായിരുന്നു. ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം 80 ജീവനക്കാരും ഉണ്ട്. വെളളപ്പൊക്കത്തിൽ ഡിപ്പോയിൽ കിടന്ന ഏഴു ബസുകളാണ് മുങ്ങിയത്. 15 ടിക്കറ്റ് മെഷീനും ഓഫീസിലെ കംപ്യൂട്ടർ അടക്കമുളള സാധനങ്ങളും വർക്ക്ഷോപ്പിലെ സാധനങ്ങളും വെളളത്തിലായിരുന്നു. 30 ലക്ഷം രൂപയ്ക്ക് മുകളിൽ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. 
 40 ലക്ഷം രൂപയോളം ഉണ്ടെങ്കിലേ സെന്റർ തുറന്ന് പ്രവർത്തിക്കാനാവു എന്നാണ് മേലുദ്യോഗസ്ഥർ പറയുന്നത്. എന്നാൽ കംപ്യൂട്ടറും 15 ടിക്കറ്റ് മെഷീനും ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾക്ക് അഞ്ച‌് ലക്ഷം രൂപയിൽ താഴെ മുടക്കിയാൽ ഇപ്പോൾ സെന്റർ തുറന്ന് പ്രവർത്തിക്കാനാകും. മേലുദ്യോഗസ്ഥർ ഇതിന് തയ്യാറാകുന്നില്ല. ഡിപ്പോതന്നെ നഷ്ടത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇനി റാന്നിയിൽ ഡിപ്പോ വേണ്ട എന്ന നയമാണ് ഇവർക്ക്. 
റാന്നിയിലൂടെയുള്ള സർവീസുകൾ പത്തനംതിട്ടയിൽ നിന്ന‌് ഓപ്പറേറ്റ് ചെയ്യുന്നുണ്ട് എന്ന് അധികൃതർ പറയുമ്പോഴും ബുധനാഴ്ച റാന്നി സെക്ടറിൽ നിന്ന‌് ഒരു ബസ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി ബസിനെ മാത്രം ആശ്രയിച്ചുകഴിയുന്ന പ്രദേശമാണ് വെച്ചൂച്ചിറ. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇവിടേക്ക് ഒരു ബസ് പോലും ഓടാത്തതിനാൽ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടി. 
   സെന്റർ മാറ്റിയതോടെ ജീവനക്കാരും വളരെ ബുദ്ധിമുട്ടിലാണ്. ജോലി ചെയ്യുന്നതനുസരിച്ചാണ് ശമ്പളം നൽകുന്നത് എന്നതിനാൽ സ്ഥിരം ജീവനക്കാർക്കുപോലും ശമ്പളം ഇല്ല. പലരും പത്തനംതിട്ട ഡിപ്പോയിൽ ചെന്ന് പണി കിട്ടാതെ മടങ്ങുകയാണ്. കഴിഞ്ഞ 15 മുതൽ ബുധനാഴ്ച വരെ പലർക്കും അഞ്ച‌് ഡ്യൂട്ടിപോലും ചെയ്യാൻ കഴിഞ്ഞിട്ടില്ല. 
  വെള്ളംകയറിയ ഓപ്പറേറ്റിങ‌് സെന്ററിലെ ഉപകരണങ്ങൾ അറ്റകുറ്റപ്പണിക്കായി ഇവിടെ നിന്ന‌് കൊണ്ടുപോയത് 11 നാണ്. ഇതുതന്നെ കെഎസ്ആർടിസിയുടെ കെടുകാര്യസ്ഥതയ്ക്ക് ഏറ്റവും വലിയ തെളിവാണ്. ഡിസാസ്റ്റർ മാനേജ്മെന്റിനാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് ലഭിക്കാൻ ഏറെ വൈകും. എന്നാൽ വെള്ളം കയറിയ ബസുകൾ അന്നുതന്നെ എടുത്തു കൊണ്ടുപോയി ശരിയാക്കി പത്തനംതിട്ട ഡിപ്പോയിലെ  മറ്റ് സർവ്വീസുകൾക്ക് ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും വലിയ വൈരുധ്യം.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top