20 July Friday

അറിവരങ്ങ് ജില്ലാ മത്സരങ്ങള്‍ ഇന്ന്; സര്‍ഗ ചൈതന്യം ഒരുക്കി കോഴഞ്ചേരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

 കോഴഞ്ചേരി > ദേശാഭിമാനിയും ലൈബ്രറി കൌണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന അറിവുത്സവത്തിന്റെ പ്രഥമ ജില്ലാതല മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ 9ന് കോഴഞ്ചേരി ഗവ. ഹൈസ്കൂളിലെ നാലുവേദികളിലായി നടക്കും. 

ദേശാഭിമാനിയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വ്യത്യസ്ത പ്രായക്കാര്‍ക്ക് തങ്ങളുടെ സര്‍ഗവൈഭവം അനാവരണം ചെയ്യാന്‍ കഴിയുന്ന വേദി സംഘടിപ്പിച്ചിരിക്കുന്നത്. ക്വിസ് മത്സരം, കാവ്യാലാപനം, സംഘഗാനം, നാടന്‍പാട്ട് എന്നീ നാലിനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പങ്കാളിത്തം കൊണ്ടും മത്സരാര്‍ഥികളുടെ പ്രതിഭ കൊണ്ടും സമ്മാനത്തുകയുടെ പെരുപ്പം കൊണ്ടും കേരളചരിത്രത്തിലെ വലിയ മത്സരവേദിയായി അറിവരങ്ങ് മാറി. 
ജൂലൈ 9ന് വാര്‍ഡ്, ജൂലൈ 23ന് പഞ്ചായത്ത്, ആഗസ്ത്് 6ന് താലൂക്ക് തലങ്ങളില്‍ നടന്ന വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ക്ക് ശേഷമാണ് ജില്ലാതല വേദിയിലെത്തുക. അതുകൊണ്ടുതന്നെ മത്സരങ്ങള്‍ക്ക് പൊലിമയേറും. സ്കൂള്‍ വിദ്യാര്‍ഥികളുടെ റവന്യൂ ജില്ലാ കലോത്സവത്തിനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിനും ആതിഥ്യമരുളിയ കോഴഞ്ചേരി നഗരം ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു മത്സരത്തിനാണ് സാക്ഷ്യം വഹിക്കുക. എല്ലാ പ്രായക്കാരും മത്സരാര്‍ഥികളായി എത്തുന്നു എന്നതാണ് സവിശേഷത. 
സ്കൂള്‍ - കോളേജ് കലോത്സവം കഴിഞ്ഞാല്‍ പിന്നെ മത്സരിക്കാനുള്ള വേദി കേരളോത്സവമാണ്. അതിലും യുവാക്കള്‍ക്കാണ് മുന്‍ഗണന. ഇവിടെയാകട്ടെ അഞ്ചു വയസ്സു മുതല്‍ മുത്തശ്ശന്മാരും മുത്തശ്ശികളുമടക്കം വ്യത്യസ്ത വിഭാഗങ്ങള്‍ മാറ്റുരയ്ക്കുകയാണ്.
പ്രധാന വാർത്തകൾ
Top